എച്ച് 1-ബി വിസ പ്രോഗ്രാം: ഇന്ത്യൻ ഐടി ജീവനക്കാർ ആശങ്കയിൽ; കൊറോണയും തൊഴിലില്ലായ്മയും വലയ്ക്കുമ്പോൾ

April 03, 2020 |
|
News

                  എച്ച് 1-ബി വിസ പ്രോഗ്രാം: ഇന്ത്യൻ ഐടി ജീവനക്കാർ ആശങ്കയിൽ; കൊറോണയും തൊഴിലില്ലായ്മയും വലയ്ക്കുമ്പോൾ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം എച്ച് 1-ബി വിസ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് യുഎസ് ആസ്ഥാനമായുള്ള ആന്റി ഇമിഗ്രേഷന്‍ ടെക്‌നോളജി വര്‍ക്കേഴ്സ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

എച്ച് -1 ബി യുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാരെയും ഇന്ത്യന്‍ ഐ ടി കമ്പനികളെയും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന നീക്കമാണിത്. കഴിഞ്ഞയാഴ്ച്ച അമേരിക്കയില്‍ തൊഴിലില്ലായ്മ ക്ലെയിമുകള്‍ 30 ലക്ഷമായി ഉയര്‍ന്നതായി  യു.എസ് ടെക് ജീവനക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഈ സംഘടന ചൂണ്ടിക്കാട്ടി. ക്ലെയിമുകള്‍ 30 ശതമാനം ഇനിയും ഉയരുമെന്നാണ് പ്രവചനം.

ഈ വര്‍ഷം 85,000 തൊഴിലാളികളെ കൊണ്ടുവരുന്ന എച്ച് -1 ബി വിസ പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തണമെന്നും എച്ച് -2 ബി വിസയ്ക്കായി അടുത്തിടെ അംഗീകരിച്ച 35,000 പേരുടെ വരവ് റദ്ദാക്കണമെന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവരുന്നതിനാണ് എച്ച് -1 ബി വിസ പ്രധാനമായും ഉപയോഗിക്കുന്നതെങ്കില്‍, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക തൊഴിലാളികള്‍ക്കുള്ളതാണ് എച്ച് -2 ബി വിസ.

എച്ച് 1 ബി വിസകളെക്കുറിച്ചുള്ള യുഎസ് ടെക് വര്‍ക്കേഴ്‌സിന്റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഐടി വ്യവസായ അസോസിയേഷനായ നാസ്‌കോം വിസമ്മതിച്ചു.അതേസമയം, എച്ച് -1 ബി വിസകളാണ് യുഎസ് വിപണിയിലെ എല്ലാ ആഗോള കമ്പനികളുടെയും നിര്‍ണായക നൈപുണ്യ വിടവ് നികത്തി വരുന്നതെന്ന് നാസ്‌കോം അഭിപ്രായപ്പെട്ടു.ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് എച്ച് -1 ബി യുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.

2021 സാമ്പത്തിക വര്‍ഷത്തില്‍ എച്ച് -1 ബി വിസകള്‍ക്കായി മൊത്തം 275,000 രജിസ്‌ട്രേഷനുകളുണ്ടായതില്‍  67 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്)  പറഞ്ഞു. ഈ പൂളില്‍ നിന്ന് 85,000 പേരെ റാന്‍ഡമൈസ്ഡ് ലോട്ടറി വഴി എടുക്കുകയാണ്  അതോറിറ്റിയുടെ രീതി.

Related Articles

© 2024 Financial Views. All Rights Reserved