കോവിഡ് പ്രതിസന്ധി: അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി ഉയര്‍ന്നു

May 29, 2020 |
|
News

                  കോവിഡ് പ്രതിസന്ധി: അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി ഉയര്‍ന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ആഴ്ച 21 ലക്ഷം പേര്‍ കൂടി തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷ നല്‍കി. ഇതോടെ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 4.1 കോടിയായി ഉയര്‍ന്നുവെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതേസമയം, ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും ഇടിവുണ്ടായി.

ഇപ്പോഴും ഈ ആനുകൂല്യം വാങ്ങുന്നവരുടെ എണ്ണം 25 ദശലക്ഷത്തില്‍ നിന്ന് 21 ദശലക്ഷത്തിലേക്ക് ഇടിഞ്ഞത് വലിയ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം കാണുന്നത്. ഇവിടെ ഇതുവരെ ഒരു ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കണക്ക്. വിയറ്റ്‌നാം, കൊറിയന്‍ യുദ്ധങ്ങളില്‍ മരിച്ച സൈനികരുടെ എണ്ണത്തേക്കാളേറെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.

ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായിരുന്നു. മെയ് മാസത്തില്‍ ഇത് 20 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കടകളും ഭക്ഷണശാലകളും സലൂണുകളും ജിമ്മുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതി കൊടുത്തതോടെയാണ് പുതിയ അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് കരുതുന്നു. അതേസമയം ഇപ്പോഴത്തെ ആഘാതത്തില്‍ നിന്ന് തിരിച്ച് വരാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ദ്രുടെ വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved