ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ട്രംപിനോട് അഭ്യര്‍ത്ഥിച്ച് യുഎസ് നിയമസഭാംഗം ; 2018ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉല്‍പന്നങ്ങള്‍

August 20, 2019 |
|
News

                  ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ട്രംപിനോട് അഭ്യര്‍ത്ഥിച്ച് യുഎസ് നിയമസഭാംഗം ; 2018ല്‍  ഇന്ത്യ ഇറക്കുമതി ചെയ്തത് 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉല്‍പന്നങ്ങള്‍

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് യുഎസ് നിയമസഭാംഗം. കഴിയുന്നതും വേഗത്തില്‍ ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്തണമെന്ന് യുഎസ് നിയമസഭാംഗം ഡിയാനെ ഫെയ്ന്‍സ്റ്റീനാണ്  അഭിപ്രായപ്പെട്ടത്. യുഎസ് വ്യാപാര പ്രതിനിധിയായ റോബര്‍ ലെയ്ത്തിസര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെ പറ്റി സംസാരിച്ചുവെന്നും ഡിയാനെ വ്യക്തമാക്കി. ഇപ്പോള്‍ നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഒരു തരത്തിലുള്ള ഗുണം ചെയ്യില്ലെന്നും രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനില്‍ക്കുന്നതിനായി എത്രയും വേഗം വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും ഡിയാനെ കൂട്ടിച്ചേര്‍ത്തു. 

2000 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല വ്യാപാര ബന്ധമാണെന്നും 2018ലെ കണക്കുകള്‍ മാത്രം നോക്കിയാല്‍ കലിഫോര്‍ണിയയില്‍ നിന്നും 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നും ഡിയാനെ വ്യക്തമാക്കുന്നു.

ഇപ്പോള്‍ നിലനില്‍ക്കുന്ന തര്‍ക്കം മൂലം യുഎസിലെ ബദാം, വാള്‍നട്ട് വ്യാപാരികള്‍ക്ക് ഏറെ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. ഇതിനിടെ തിങ്കളാഴ്ച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലും ഇക്കാര്യം മുഖ്യവിഷയമായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved