'പിയുസി ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല'; വസ്തുത അറിയാം

August 28, 2020 |
|
Insurance

                  'പിയുസി ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല'; വസ്തുത അറിയാം

കഴിഞ്ഞ ഒരാഴ്ചയായി വാട്സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന സന്ദേശമാണ് വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലെങ്കില്‍ ഇനി മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല എന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ക്കുലറാണ് ഈ വാര്‍ത്തയ്ക്കൊപ്പം പ്രചരിപ്പിക്കുന്നത്.

നിലവില്‍ ഡല്‍ഹി-എന്‍സിആറിലേക്കാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഐആര്‍ഡിഎഐയുടെ ഈ പ്രത്യേക സക്കുലര്‍ പുറത്തിറക്കിയത്. ഡല്‍ഹിയില്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കുലറില്‍ ഉള്ളതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ഇത് പ്രാബല്യത്തില്‍ വരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. നിലവില്‍ ഇത് മറ്റ് സംസ്ഥാനങ്ങളില്‍ ബാധകമല്ല.

ഈ സര്‍ക്കുലര്‍ ഓഗസ്റ്റ് 20-നാണ് ഐആര്‍ഡിഎഐ ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ തന്നെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞ് തുടങ്ങുകയാണ് ചെയ്തത്.

ഇത് വ്യാജപ്രചാരണമാണെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുകയായിരുന്നു. 'പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇത്തരത്തിലുള്ള നിര്‍ദേശം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി നല്‍കിയിട്ടില്ല.' ഇതാണ് വാസ്തവം.

അപകടമുണ്ടായാല്‍ ക്ലെയിം ലഭിക്കില്ല എന്നത് വ്യാജ പ്രചരണം ആണെങ്കിലും വണ്ടി സര്‍വീസ് ചെയ്ത പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ്. ഇതിന് പിഴ ഈടാക്കാനും മോട്ടോര്‍ വാഹന വകുപ്പിന് കഴിയും. ഇതാണ് മോട്ടോര്‍ വാഹന വകുപ്പ് (MVD) നിര്‍ദേശം.

വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. രാജ്യത്തെ എല്ലാം വാഹനങ്ങള്‍ക്കും പുറംതള്ളുന്ന പുകയ്ക്ക് അളവ് നിശ്ചയിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിലുള്ള എമിഷന്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved