ലോക്ക്ഡൗണില്‍ രാജ്യത്തേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്

September 22, 2020 |
|
News

                  ലോക്ക്ഡൗണില്‍ രാജ്യത്തേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് കുറഞ്ഞതായി റിപ്പോര്‍ട്ട്

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ രാജ്യത്തേക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് കുറച്ചുവെന്ന്  റിപ്പോര്‍ട്ട്. പ്രതിമാസം രണ്ടു ടണ്‍ എന്ന നിലയിലേക്ക് കള്ളക്കടത്ത് ഇടിഞ്ഞുവെന്നാണ് നിഗമനം. ഈ വര്‍ഷം ആകെ 25 ടണ്‍ സ്വര്‍ണം അനധികൃതമായി രാജ്യത്ത് എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം 120 ടണ്‍ സ്വര്‍ണമാണ് കള്ളക്കടത്തിലൂടെ രാജ്യത്തെത്തിയതെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. രാജ്യത്തെ വാര്‍ഷിക ഉപഭോഗത്തിന്റെ 17 ശതമാനം വരുമിത്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം.

കഴിഞ്ഞ ആറുമാസമായി വിമാന സഞ്ചാരം ഇല്ലാതിരുന്നതാണ് കള്ളക്കടത്തിനെ പ്രധാനമായും ബാധിച്ചത്. നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വഴി കര-ജല മാര്‍ഗം എത്തുന്ന സ്വര്‍ണം താരതമ്യേന കുറവാണ്. കള്ളക്കടത്ത് കൂടുതലും വിമാനയാത്ര വഴിയാണ്.

മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും വിമാനങ്ങള്‍ യാത്ര നടത്താതിരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുന്ന ശരാശരി പ്രതിമാസ സ്വര്‍ണത്തിന്റെ അളവ് 20.6 കിലോ ഗ്രാം എന്ന ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് ധനകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇതായിരുന്നില്ല സ്ഥിതി. അനധികൃതമായി കടത്തുന്നതിനിടെ മൂന്നുമാസം കൊണ്ട് പിടികൂടിയത് 1197 കിലോ സ്വര്‍ണമാണ്. 2019 ല്‍ ഇതേ സമയത്ത് 972 കിലോ സ്വര്‍ണമാണ് പിടികൂടിയിരുന്നത്. ഇറക്കുമതി തീരുവ കൂട്ടിയ നടപടിയാണ് ആദ്യപാദത്തില്‍ കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണമായതെന്നാണ് നിഗമനം.

Related Articles

© 2024 Financial Views. All Rights Reserved