അഞ്ച് വര്‍ഷത്തിനകം 100 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍പന നടത്തിയെന്ന് ഷവോമി; മൂന്നാമതും പ്ലാന്റ് ആരംഭിച്ചതോടെ സെക്കന്റില്‍ മൂന്നു ഫോണുകള്‍ എന്ന കണക്കിലാണ് ഉല്‍പാദനമെന്നും റിപ്പോര്‍ട്ട്

September 06, 2019 |
|
Lifestyle

                  അഞ്ച് വര്‍ഷത്തിനകം 100 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍പന നടത്തിയെന്ന് ഷവോമി; മൂന്നാമതും പ്ലാന്റ് ആരംഭിച്ചതോടെ സെക്കന്റില്‍ മൂന്നു ഫോണുകള്‍ എന്ന കണക്കിലാണ് ഉല്‍പാദനമെന്നും റിപ്പോര്‍ട്ട്

ഡല്‍ഹി:  ഇന്ത്യയില്‍ വില്‍പന ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പന നടത്തിയെന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഭീമനായ ഷവോമി. ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്രയധികം ഫോണുകള്‍ വിറ്റുവെന്ന് കമ്പനി വ്യക്തമാക്കുന്നത്. ഒപ്പോയേയും വിവോയേയും കടത്തിവെട്ടിയാണ് ഷവോമി മുന്നിലെത്തിയത്. ആഗോള തലത്തില്‍ നേടിയ വില്‍പന നോക്കിയാലും ഇന്ത്യയിലാണ് ഏറ്റവുമധികം ഷവോമി ഫോണുകള്‍ വിറ്റുപോയത്. 

മാത്രമല്ല എത്ര വികസിതമായ രാജ്യമാണെങ്കിലും അഞ്ചു വര്‍ഷത്തിനകം 100 മില്യണ്‍ ഫോണുകള്‍ വിറ്റുപോകുക എന്നത് അസാധ്യമായ കാര്യമാണെന്നും ഇന്ത്യയിലെ വില്‍പന വഴി ലഭിച്ചിരിക്കുന്നത് വലിയ നാഴിക കല്ലാണെന്നും ഷവോമി വൈസ് പ്രസിഡന്റ് മനു ജെയ്ന്‍ അറിയിച്ചു. തങ്ങള്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ച് കഴിഞ്ഞും രാജ്യത്തേക്ക് വന്ന അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് പോലും 30 മില്യണ്‍ മുതല്‍ 43 മില്യണ്‍ വരെ വില്‍പന നടത്താന്‍ സാധിച്ചുവുള്ളുവെന്നും ഷവോമി ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ഓണ്‍ലൈനായും ഓഫ്‌ലൈനായും നടത്തിയ വില്‍പനയുടെ കണക്കുകളാണിത്. രാജ്യത്ത് ഷവോമി മൂന്നാമത്തെ പ്ലാന്റും നിര്‍മ്മിച്ചതോടെ സെക്കന്റില്‍ മൂന്നു ഫോണുകള്‍ എന്ന കണക്കിലാണ് തങ്ങളുടെ ഉത്പാദനമെന്ന് ഷവോമി വ്യക്തമാക്കുന്നു. ഷവോമി റെഡ് മീ സീരിസിലെ എട്ടാം തലമുറ ഫോണുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

ചൈനയില്‍ നോട്ട് 8, നോട്ട് 8 പ്രോ തുടങ്ങിയ രണ്ട് ഫോണുകളാണ് അവതരിപ്പിച്ചത്. ഇതിനൊപ്പം റെഡ് മീ നോട്ട്ബുക്കും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ദീപാവലിയോട്  അനുബന്ധിച്ച്  ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved