പോര്‍ഷെയുമായി നമ്പര്‍ പ്ലേറ്റും രേഖകളുമില്ലാതെ റോഡിലിറങ്ങി; പിഴചുമത്തിയത് 27.68 ലക്ഷം

January 09, 2020 |
|
Lifestyle

                  പോര്‍ഷെയുമായി നമ്പര്‍ പ്ലേറ്റും രേഖകളുമില്ലാതെ റോഡിലിറങ്ങി; പിഴചുമത്തിയത് 27.68 ലക്ഷം

രണ്ട് കോടി ഡോളര്‍ വിലമതിക്കുന്ന പോര്‍ഷെ 911 സ്പോര്‍ട്സ് കാറിന്റെ ഉടമയ്ക്ക് 27.68 ലക്ഷം രൂപയുടെ പിഴ. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം നിരത്തിലിറക്കിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥരാണ് കാര്‍ പിടിച്ചെടുത്തത്. രജ്ഞിത് ദേശായിയുടെ കാറാണ്  പിടിച്ചെടുത്തത്. പിഴത്തുക ഒടുക്കിയ ശേഷമാണ്  ഉടമയ്ക്ക് കാര്‍ വിട്ടു നല്‍കിയത്. സാധുവായ രേഖകളില്ലാത്തതും 2017 മുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിച്ചതിനും ചേര്‍ത്തുള്ള പിഴയാണ് ഇത്രയും തുക.

നവംബര്‍ 28 ന് ഹെല്‍മെറ്റ് ക്രോസ്‌റോഡില്‍ വച്ചാണ് പൊലീസ് കാര്‍ പിടിച്ചെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വാഹനത്തിന്റെ സാധുതയുള്ള രേഖകള്‍ ഹാജരാക്കാനും ഉടമസ്ഥന് കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍ കാര്‍ തടഞ്ഞുവയ്ക്കുകയും മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഒരു ആര്‍ടിഒ മെമ്മോ നല്‍കുകയും ചെയ്തു.രാജ്യത്തെ തന്നെ ഏറ്റവും വലിയ പിഴ ശിക്ഷയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആര്‍ടിഒ രസീതിന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ച അഹമ്മദാബാദ് ട്രാഫിക് പൊലീസ് 27.68 ലക്ഷം രൂപ പിഴ എന്നത് ഇന്ത്യയിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് അവകാശപ്പെട്ടു. രസീത് അനുസരിച്ച്, കാര്‍ ഉടമ മോട്ടോര്‍ വാഹന നികുതിയായി 16 ലക്ഷം രൂപയും അടയ്ക്കാത്ത നികുതിയുടെ പലിശയായി 7.68 ലക്ഷവും പിഴയായി 4 ലക്ഷവുമാണ് നല്‍കിയിരിക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved