ബാങ്കുകളില്‍ 11 വര്‍ഷത്തിനിടെ ആകെ 44,016 തട്ടിപ്പുകള്‍ നടന്നു; ബാങ്കുകള്‍ക്ക് 1,85,624 കോടി രൂപയുടെ നഷ്ടം

July 10, 2019 |
|
Banking

                  ബാങ്കുകളില്‍ 11 വര്‍ഷത്തിനിടെ ആകെ 44,016 തട്ടിപ്പുകള്‍ നടന്നു; ബാങ്കുകള്‍ക്ക് 1,85,624 കോടി രൂപയുടെ നഷ്ടം

രാജ്യത്ത്  11 വര്‍ഷത്തിനിടെ ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനസഹമന്ത്രി അരുരാഗ് സിംഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 വര്‍ഷത്തിനിടെ രാജ്യത്താകെ 44,016 ബാങ്ക് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 1,86,624 കോടി രൂപയുടെ വന്‍ തട്ടിപ്പാണ് രാജ്യത്തുണ്ടായിട്ടുള്ളതെന്നും ധനസഹമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടന്നത് 2016-2017 സാമ്പത്തിക വര്‍ഷത്തിലാണെന്നും ഇക്കാലയളവില്‍ ഏകദേശം 3927 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 25,883.39 കോടി രൂപയുടെ വന്‍ തട്ടിപ്പാണ് ഇക്കാലയളവില്‍ ബാങ്കില്‍ നടന്നതെന്നും മന്ത്രി രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ വിശദീകരിച്ചു. 

നീരവ് മോദിയടക്കമുള്ളവര്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. അടുത്തിടെ ഭൂഷണ്‍ പവര്‍ സ്റ്റീല്‍ ലിമിറ്റഡ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ രേഖകളുണ്ടാക്കി  3,805.15  കോടി രൂയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. എന്നാല്‍ 2008-2009 കാലയളവ് മുതല്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവമാണ് ഉണ്ടായിട്ടുള്ളത്.  തട്ടിപ്പ്് കേസുകള്‍ അധികരിച്ചതോടെ ബാങ്കുകളിലെ കിട്ടാക്കടത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-2019) ഏകദേശം  2,836  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ബാങ്കിന് നഷ്ടം വന്നത്  6,734.60  കോടി രൂപയാണെനന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ധനകാര്യ സ്ഥാപനങ്ങളില്‍ 2012-2013 സാമ്പത്തിക വര്‍ഷം മുതല്‍ ഏകദേശം 4,504 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണക്കാക്കുന്നു. ഏകദേശം  24,819.36 കോടി രൂപയുടെ തട്ടിപ്പുകളാണ് ധനകാര്യ സ്ഥാപനങ്ങളില്‍ നടന്നതെന്നും ചൂണ്ടിക്കാട്ടുന്നു. 

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ (എസ്ബിഐ) ആകെ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പു കേസുകള്‍ 6,793 ആണ്. ഇതില്‍ 23,734.74 കോടി രൂപയുടെ തട്ടിപ്പ് എസ്ബിഐയില്‍ നടന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം എച്ച്ഡിഎഫ്സി ബാങ്കില്‍ നടന്ന തട്ടിപ്പ് കേസുകളുടെ എണ്ണം 2,497 ആണ്. ഇതില്‍ 1,200.79 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ബാങ്ക് ഓഫ് ബറോഡയില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പ് കേസുകളില്‍ 12,962.96 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. അതേസമയം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 2,047 തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വജ്രവ്യാപാരി നീരവ് മോദിയടക്കമുള്ളവര്‍ ്തട്ടിപ്പ് നടത്തി മുങ്ങിയതില്‍ ബാങ്കില്‍ നടന്നത് ആകെ 28,700.74 കോടി രൂപയാണ്. 

ആക്സിസ് ബാങ്കില്‍ 1,944 കേസുകളില്‍  5,301.69 കോടി രൂപയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നടന്ന ആകെ തട്ടിപ്പ് കേസുകളില്‍  2.05 ലക്ഷം കോടി രൂപയാണ് ബാങ്കിന് നഷ്ടപ്പെട്ടത്. 11 സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കുകള്‍ക്ക് തട്ടിപ്പില്‍ നഷ്ടപ്പെട്ടത് ഭീമമായ തുകയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും സാക്ഷ്യപ്പെടുത്തുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved