എട്ട് ലക്ഷം മുടക്കിയാല്‍ ഡസ്റ്ററിന്റെ 'കിടിലന്‍' പതിപ്പ് സ്വന്തമാക്കാം; കോംപാക്ട് എസ്യുവി പുത്തന്‍ പതിപ്പ് എത്തുന്നത് ഡേ ടൈം റണ്ണിങ് ലാംപ് മുതല്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റി വരെയുള്ള പരിഷ്‌കാരങ്ങളുമായി; കാസ്പിയന്‍ ബ്ലൂവില്‍ ഞെട്ടിക്കുന്ന ലുക്കില്‍ പുത്തന്‍ മസില്‍ കാര്‍

July 13, 2019 |
|
Lifestyle

                  എട്ട് ലക്ഷം മുടക്കിയാല്‍ ഡസ്റ്ററിന്റെ 'കിടിലന്‍' പതിപ്പ് സ്വന്തമാക്കാം; കോംപാക്ട് എസ്യുവി പുത്തന്‍ പതിപ്പ് എത്തുന്നത് ഡേ ടൈം റണ്ണിങ് ലാംപ് മുതല്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റി വരെയുള്ള പരിഷ്‌കാരങ്ങളുമായി; കാസ്പിയന്‍ ബ്ലൂവില്‍ ഞെട്ടിക്കുന്ന ലുക്കില്‍ പുത്തന്‍ മസില്‍ കാര്‍

ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്ത് ഏവരുടേയും പ്രിയപ്പെട്ട എസ് യുവിയായി മാറിയ റെനോ ഡസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍. എട്ട് ലക്ഷം രൂപ മുടക്കിയാല്‍ ഡസ്റ്ററിന്റെ കിടിലന്‍ പതിപ്പ് സ്വന്തമാക്കാം. മുന്‍പിറങ്ങിയ പതിപ്പിനേക്കാള്‍ പരിഷ്‌കരിച്ച വണ്ടികണ്ട് വാഹനപ്രേമികള്‍ക്കിടയില്‍ ഇപ്പോഴെ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ക്രോം സ്പര്‍ശമുള്ള ഗ്രില്‍, പുതിയ ശൈലിയിലുള്ള ബോണറ്റ്, കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കും വിധമുള്ള ഉയര്‍ന്ന ബോണറ്റ് ലൈന്‍, പരിഷ്‌കരിച്ച മുന്‍ബംപര്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റ്, പുത്തന്‍ രൂപകല്‍പ്പനയുള്ള അലോയ് വീല്‍, ടെയില്‍ ഗേറ്റിനു പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവയടങ്ങുന്നതാണ് ഡസ്റ്ററിന്റെ പുത്തന്‍ പതിപ്പ്. കാസ്പിയന്‍ ബ്ലു കളറില്‍ ഞെട്ടിക്കുന്ന ലുക്കോടെയാണ് പുത്തന്‍ ഡസ്റ്ററിന്റെ വരവ്.

മാത്രമല്ല നവീകരിച്ച  സ്റ്റീയറിങ് വീല്‍, ആപ്പിള്‍ കാര്‍ പ്ലേ  ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, സെന്റര്‍ കണ്‍സോളില്‍ ചതുരാകൃതിയിലുള്ള എസി വെന്റ്, മോക്ക് അലൂമിനിയം, ക്രോം തുടങ്ങിയവയുടെ ഉപയോഗവും പുത്തന്‍ ഡസ്റ്ററിനെ വ്യത്യസ്ഥമാക്കുന്നു. ഇതിനോടകം തന്നെ വാഹനത്തിന് മികച്ച ഓര്‍ഡറാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. 

 പെട്രോള്‍, പെട്രോള്‍ സിവിടി, ഡീസല്‍ 85 പിഎസ്, ഡീസല്‍ 110 പിഎസ്, ഡീസല്‍ എഎംടി, ഡീസല്‍ ഓള്‍വീല്‍ ഡ്രൈവ് തുടങ്ങിയ വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ വിപണിയിലുണ്ട്. ആര്‍എക്സ്ഇ പെട്രോളിന് 7.99 ലക്ഷവും ആര്‍എക്സ്എസ് പെട്രോളിന് 9.0 ലക്ഷം രൂപയുമാണ് വില. ആര്‍എക്സ്എസ് പെട്രോളിന്റെ സിവിടി പതിപ്പിന് 9.99 ലക്ഷം രൂപയും. 

85 പിഎസ് ഡീസല്‍ വകഭേദങ്ങള്‍ക്ക് 9.30 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് വില. 110 പിഎസ് ഡീസല്‍ പതിപ്പിന്റെ വില 11.20 ലക്ഷം രൂപ. എഎംടി, ഓള്‍വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ഡീസല്‍ പതിപ്പില്‍ മാത്രമാണ് ലഭിക്കുക. എഎംടിക്കും ഓള്‍വീല്‍ ഡ്രൈവിന് 12.50 ലക്ഷം രൂപ തന്നെയാണ് വില. 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് കൂട്ടായി അഞ്ചു സ്പീഡ് മാനുവല്‍, സി വി ടി ട്രാന്‍സ്മിഷനുകളും ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) ഗീയര്‍ബോക്സുകളുമുണ്ടാവും.

Related Articles

© 2024 Financial Views. All Rights Reserved