ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം; ജൂണ്‍ എട്ടു മുതല്‍

June 06, 2020 |
|
News

                  ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം;  ജൂണ്‍ എട്ടു മുതല്‍

ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നതിന് ജൂണ്‍ എട്ടുമുതല്‍ വീണ്ടും അവസരം. ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 4,677 രൂപ നിശ്ചയിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ ശാഖകള്‍, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ എന്നിവവഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിശ്ചയിച്ച വിലയില്‍നിന്ന് 50 രൂപ കിഴിവ് ലഭിക്കും.

സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടില്‍ ഒരു ഗ്രാമിന് തുല്യമായ തുകയാണ് മിനിമം നിക്ഷേപിക്കാന്‍ കഴിയുക. വ്യക്തികള്‍ക്ക് ഒരുസാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപിക്കാന്‍ കഴിയുക നാലു കിലോഗ്രാംവരെയാണ്. ട്രസ്റ്റുകള്‍ക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാംമാണ്.

ഓഹരി വിപണിവഴിയും നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഡീമാറ്റ് അക്കൗണ്ടുകള്‍വഴി എപ്പോള്‍വേണമെങ്കിലും വാങ്ങുകുയം വില്‍ക്കുകയുമാകാം. രണ്ടര ശതമാനം പലിശയ്ക്കുമാത്രമാണ്  ആദായ നികുതി ബാധകം. കാലാവധിയെത്തുമ്പോള്‍ ബോണ്ട് പണമാക്കുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് വ്യക്തികള്‍ക്ക് നികുതി ബാധ്യതയില്ല. ഗോള്‍ഡ് ബോണ്ടിന്റെ പലിശ ആറുമാസംകൂടുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ വരവുവെയ്ക്കുകയാണ് ചെയ്യുക.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved