വിപണിയില്‍ നിന്നു വായ്പയെടുക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് അനുമതി

August 01, 2020 |
|
News

                  വിപണിയില്‍ നിന്നു വായ്പയെടുക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് അനുമതി

ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സെസ് തുക മതിയാവില്ലെങ്കില്‍ വിപണിയില്‍ നിന്നു വായ്പയെടുക്കണമോയെന്ന് ജിഎസ്ടി കൗണ്‍സിലിനു തീരുമാനിക്കാനെന്ന് അറ്റോര്‍ണി ജനറലിന്റെ ഉപദേശം. നിലവിലെ സ്ഥിതിയില്‍ നഷ്ടപരിഹാരത്തിന് സെസ് തുക മാത്രം പോരെന്നും സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ തങ്ങളുടെ കൈയില്‍ പണമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് പോംവഴികളെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ അറ്റോര്‍ണി ജനറലിനോട് ഉപദേശം തേടിയത്.

കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്കു സെസ് ഏര്‍പ്പെടുത്തി നഷ്ടപരിഹാരത്തിനായി വരുമാനം വര്‍ധിപ്പിക്കുക, കേന്ദ്രത്തിനു പകരം സംസ്ഥാനങ്ങള്‍ തന്നെ വിപണിയില്‍ നിന്നു വായ്പയെടുത്ത് വരുമാന നഷ്ടം നികത്തുക തുടങ്ങിയവയും പരിഗണിക്കാവുന്ന മാര്‍ഗങ്ങളായി മുന്നിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ വായ്പയെടുത്താല്‍ പിന്നീട് നഷ്ടപരിഹാര നിധിയിലേക്കു ലഭിക്കുന്ന പണമുപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, ഭാവിയിലെ വരുമാനത്തിന്റെ തോതിനെക്കുറിച്ച് അവ്യക്തതയുള്ള സ്ഥിതിക്ക് വിപണിയില്‍നിന്നു തങ്ങള്‍ വായ്പയെടുക്കണമെന്ന നിലപാടിനെ സംസ്ഥാനങ്ങള്‍ അനുകൂലിച്ചേക്കില്ലെന്നും വിലയിരുത്തലുണ്ട്. ജിഎസ്ടി നിയമപ്രകാരം 2017 മുതല്‍ 5 വര്‍ഷത്തേക്കാണ് കേന്ദ്രം നഷ്ടപരിഹാരം നല്‍കേണ്ടത്. ഇപ്പോള്‍ പണം നല്‍കാനാവുന്നില്ലെങ്കില്‍ ഈ സമയപരിധി നീട്ടണമെന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. സമയപരിധി നീട്ടുന്നത് അനുവദിക്കാന്‍ പാടില്ലെന്നാണ് ധനകാര്യ കമ്മിഷന്‍ വ്യക്തമാക്കിയത്.

Related Articles

© 2024 Financial Views. All Rights Reserved