ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി രൂപ; പ്രവാസി ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി

June 04, 2021 |
|
News

                  ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി രൂപ;  പ്രവാസി ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മിഷന്‍ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം.

പ്രവാസിക്ഷേമം ഉറപ്പുവരുത്താന്‍ കൂടുതല്‍ തുക നീക്കിവച്ചു.  പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും  ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തി. ഇതില്‍ മിക്കവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം. പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved