ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അപകടാവസ്ഥയിലേക്ക് ; ക്രെഡിറ്റ് റേറ്റ് താഴ്ത്തി മൂഡിസ് റിപ്പോര്‍ട്ട്,സമ്പദ് വളര്‍ച്ച ഇനി സുസ്ഥിരമല്ല

November 08, 2019 |
|
News

                  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അപകടാവസ്ഥയിലേക്ക് ; ക്രെഡിറ്റ് റേറ്റ് താഴ്ത്തി മൂഡിസ് റിപ്പോര്‍ട്ട്,സമ്പദ് വളര്‍ച്ച ഇനി സുസ്ഥിരമല്ല

ഇന്ത്യന്‍ സാമ്പത്തികാവസ്ഥ അപകടാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന്  അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. സുസ്ഥിരമായ അവസ്ഥയില്‍ നിന്ന് നിഷേധാത്മകമായ സാഹചര്യത്തിലേക്ക് ഇന്ത്യയുടെ സമ്പദ് മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായിരുന്ന ഇന്ത്യയെ സുസ്ഥിരം എന്ന കാഴ്ചപ്പാടില്‍ നിന്ന്  നെഗറ്റീവ് ആക്കി മാറ്റിയിട്ടുണ്ട് മൂഡിസ്.കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സമ്പദ് വളര്‍ച്ച താഴോട്ടാണ് പോകുന്നത്. രാജ്യത്തിന്റെ ദുര്‍ബലമായ സാമ്പത്തികാവസ്ഥയെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമല്ലാത്ത നയങ്ങള്‍ കടബാധ്യത വര്‍ധിപ്പിച്ചു. ഇത് സര്‍ക്കാരിനെ ഭാഗികമായി ബാധിക്കുമെന്നും ഏജന്‍സി പറയുന്നു. 

മൂഡിസിന്റെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് സ്‌കോറായ Baa2  ആണ് ഇന്ത്യയുടെ വിദേശ,പ്രാദേശിക കറന്‍സികള്‍ക്ക്  കമ്പനി നല്‍കിയിരിക്കുന്നത്. 

സാമ്പത്തിക സമ്മര്‍ദ്ദം പ്രധാനമായും റൂറല്‍ മേഖലകളെയാണ് ബാധിച്ചത്. സാമ്പത്തികമാന്ദ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ സര്‍ക്കാര്‍ എത്രത്തോളം പരാജയമാണെന്ന് എന്ന കാര്യം നിലവിലെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളും പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും  വ്യക്തമാക്കുന്നുവെന്ന് മൂഡിസിന്റെ സോവറിന്‍ റിസ്‌ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വില്യം ഫോസ്റ്റര്‍ പറഞ്ഞു.മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ദീര്‍ഘകാലത്തേക്ക് വരുമാന വളര്‍ച്ചയെയും ജീവിതനിലവാരം ഉയരുന്നതിനെയും ബാധിക്കും. നിക്ഷേപവളര്‍ച്ച ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താനുള്ള നയങ്ങള്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന് സാധിക്കാതെ വരും.ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് മൂഡിസ് താഴ്ത്തി. 

2020 മാര്‍ച്ചില്‍ സമാപിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.7 % ആയിരിക്കും. സര്‍ക്കാര്‍ ലക്ഷ്യം 3.3% ആയിരുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കും കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെയും മൂഡിസ് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ക്രെഡിറ്റ് താഴ്ന്നതിന് ഈ തീരുമാനങ്ങള്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബാങ്കിങ് മേഖലയില്‍ തുടക്കമിട്ട പ്രതിസന്ധി വ്യവസായ,ഗാര്‍ഹിക,വാഹന ,റീട്ടെയില്‍ ബിസിനസ് മേഖലയിലേക്ക് ബാധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ കുറയുകയാണ് ചെയ്തത്.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനമായാണ് കുറഞ്ഞത്. ഇത് കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കാണ്. ഇനി എട്ട് ശതമാനത്തിന് അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സുസ്ഥിര വളര്‍ച്ചയ്ക്ക് സാധ്യത കുറവാണെന്നും  മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് വ്യക്തമാക്കുന്നു.നിക്ഷേപകര്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്ന ഡാറ്റ നിരീക്ഷിക്കുന്നതും മറ്റൊരു നെഗറ്റീവ് ഫിക്ഷന് കാരണമായേക്കുമെന്നും മൂഡിസ് കരുതുന്നു.

Related Articles

© 2024 Financial Views. All Rights Reserved