എസ്ബിഐ ഭവനവായ്പ പലിശനിരക്ക് കുറച്ചു; ഇന്ന് മുതല്‍ പുതുക്കിയ പലിശനിരക്കുകള്‍ പ്രാബല്യത്തില്‍ വരും

April 10, 2019 |
|
Banking

                  എസ്ബിഐ ഭവനവായ്പ പലിശനിരക്ക് കുറച്ചു; ഇന്ന് മുതല്‍ പുതുക്കിയ പലിശനിരക്കുകള്‍ പ്രാബല്യത്തില്‍ വരും

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയും റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതോടെയാണ് എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തിയത്. മുപ്പത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വായ്പയുടെ പുതിയ പലിശനിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. 

ഭവന വായ്പയ്ക്ക് ബാധകമായ പുതുക്കിയ പലിശനിരക്ക് 8.60 ശതമാനം മുതല്‍ 8.90 ശതമാനം വരെയാണ്. ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍ നിന്നാണ് പലിശനിരക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനമായി കുറച്ചിരുന്നു. 6.25 ശതമാനത്തില്‍ 6 ശതമാനമായിട്ടാണ് റിപ്പോ നിരക്ക് കുറച്ചത്. ആര്‍ബിഐയുടെ പണനയ അവലോകന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ആര്‍ബിഐ റിപ്പോ നിരക്ക് കുറക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നു. റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നും ആര്‍ബിഐ മോണിറ്ററി പോളിസി കമ്മറ്റി (എംപിസി) വിലയിരുത്തിയിരുന്നു. 

ഇത് രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറക്കുന്നത്.  നാണയ പെരുപ്പം കുറഞ്ഞതും ജിഡിപി നിരക്കിലെ വളര്‍ച്ചാ ഇടിവുമാണ് റിപ്പോ നിരക്ക് കുറക്കാന്‍ ആര്‍ബിഐ മുതിര്‍ന്നത്. കഴിഞ്ഞ ഫിബ്രുവരിയിലും  25 ബേസിസ് പോയിന്റ് ആര്‍ബിഐ കുറച്ചിരുന്നു. വാണിജ്യ ബാങ്കുകളുടെ പലിശ നിരക്ക് റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടി വരും. 

2016 ഏപ്രില്‍ മുതല്‍ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങിന് (എംസിഎല്‍ആര്‍) സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പയുടെ പലിശ നിര്‍ണയിക്കുന്നത്. 2019 മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എസ്ബിഐയുടെ സേവിംഗ്‌സ് ബാങ്ക് പലിശനിരക്കും പരിഷ്‌കരിക്കപ്പെടും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 3.50 ശതമാനം പലിശ ലഭിക്കും. എസ്ബിഐ ഒഴികെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും പലിശനിരക്ക് വെട്ടിക്കുറച്ചു. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് സൂചന.

 

Related Articles

© 2024 Financial Views. All Rights Reserved