യുഎസ്-ചൈന ബന്ധം വഷളാകുന്നു; ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് മാധ്യമങ്ങളോട് വിവരങ്ങള്‍ ആരാഞ്ഞു

July 01, 2020 |
|
News

                  യുഎസ്-ചൈന ബന്ധം വഷളാകുന്നു; ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് മാധ്യമങ്ങളോട് വിവരങ്ങള്‍ ആരാഞ്ഞു

ബെയ്ജിങ്: ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോടു ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം. ഏഴു ദിവസത്തിനകം വിവരങ്ങള്‍ കൈമാറണമെന്നാണു നിര്‍ദേശം. അസോസ്യേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷനല്‍, സിബിഎസ്, എന്‍പിആര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണു ചൈന വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ചൈനയില്‍ ഇവര്‍ക്കു കെട്ടിടം, ഭൂമി എന്നിവയുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ വ്യക്തമാക്കി.

യുഎസിലെ ചൈനീസ് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കു മറുപടിയാണ് ഇതെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 22ന് നാല് ചൈനീസ് മാധ്യമങ്ങളെ യുഎസ് 'ഫോറിന്‍ മിഷന്‍' എന്ന വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഫെബ്രുവരിയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്കും സമാനമായ നടപടി നേരിടേണ്ടിവന്നു. ഈ ഒന്‍പതു സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതു ചൈനീസ് സര്‍ക്കാരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് പറഞ്ഞിരുന്നു.

യുഎസിലെ സ്ഥാപനങ്ങളോട് ചൈനീസ് ജീവനക്കാരെ ഒഴിവാക്കാന്‍ യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ചൈനയിലെ ദ് ന്യൂയോര്‍ക്ക് ടൈംസ്, ദ് വാള്‍സ്ട്രീറ്റ് ജേണല്‍, ദ് വാഷിങ്ടന്‍ പോസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ യുഎസില്‍നിന്നുള്ള ജീവനക്കാരെ പുറത്താക്കി ചൈനയും തിരിച്ചടിച്ചു. വോയ്‌സ് ഓഫ് അമേരിക്ക, ടൈം മാഗസിന്‍ എന്നിവയോടും ചൈന വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് മാധ്യമങ്ങള്‍ക്കു മേലുള്ള നിയന്ത്രണം യുഎസ് പറയുന്ന മാധ്യമ സ്വാതന്ത്ര്യത്തിലെ കാപട്യമാണു പുറത്തുകൊണ്ടുവരുന്നതെന്നും ചൈനീസ് വക്താവ് പ്രതികരിച്ചു.

യുഎസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് മാധ്യമങ്ങളോട് ജീവനക്കാര്‍, സ്വത്തുവകകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കാനാണു നേരത്തേ ആവശ്യപ്പെട്ടത്. അതേസമയം ഈ സ്ഥാപനങ്ങള്‍ക്കു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടസ്സമൊന്നുമില്ലെന്നും യുഎസ് അറിയിച്ചിരുന്നു. വ്യാപാരത്തര്‍ക്കം കൂടാതെ കോവിഡ് മഹാമാരി, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കോവിഡ് മഹാമാരിയുടെ പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ പല തവണ ആരോപണമുന്നയിച്ചു. എന്നാല്‍ യുഎസാണ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നു ചൈനയും തിരിച്ചടിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved