News

ലോക്ഡൗണ്‍ ആശ്വാസ നടപടികളുമായി കേരളം; 19,500 കുടുംബശ്രീ എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി കുടുംബശ്രീയുടെ 19,500 എഡിഎസുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ 'സഹായ ഹസ്തം വായ്പാ പദ്ധതി'യിലെ ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും.
 
കുടുംബശ്രീയുടെ റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ വര്‍ഷത്തെ പലിശ സബ്‌സിഡി 76 കോടി രൂപ അയല്‍ക്കൂട്ടങ്ങള്‍ക്ക് മുന്‍കൂറായി അനുവദിക്കും. കുടുംബശ്രീ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. കുടുംബശ്രീക്ക് സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ വായ്പകള്‍ക്കു കൂടി ഇത് ബാധകമാകും. സാമൂഹ്യ നീതി വകുപ്പിലേയും വനിതാ-ശിശുവികസന വകുപ്പിലേയും അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലോക്ഡൗണ്‍ കാലത്തെ ശമ്പളം മുടങ്ങാതെ നല്‍കും. വസ്തു നികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കും.

News Desk
Author

Related Articles