News

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയില്‍ ഇതുവരെ നിര്‍മ്മിച്ചത് 1.10 കോടി വീടുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവര്‍ക്കും 2020 ഓടെ സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയില്‍ ഇതുവരെ 1.10 കോടി വീടുകള്‍ നിര്‍മ്മിച്ചതായി കേന്ദ്രസര്‍ക്കാര്‍. 2022 ഓടെ 2.95 കോടി കുടുംബങ്ങള്‍ക്ക് വീട് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലൂടെ അര്‍ഹരായ ആളുകളെ കണ്ടെത്തിയ ശേഷമാണ് വീട് നിര്‍മ്മാണം നടത്തിയത്. പുതുതായി വീട് ലഭിച്ചവരില്‍ 1.46 ലക്ഷം പേര്‍ ഭൂരഹിതരായിരുന്നുവെന്നും സര്‍ക്കാര്‍ കണക്ക് പറയുന്നു.

ഒരു വീട് നിര്‍മ്മിക്കാനുള്ള ശരാശരി സമയം 114 ദിവസത്തിലേക്ക് കുറഞ്ഞതായും കേന്ദ്രം പറഞ്ഞു. നേരത്തെ ഇത് 314 ദിവസമായിരുന്നു. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം 2014 ന് ശേഷം 72 ലക്ഷം വീടുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതോടെ ആകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം 1.82 കോടിയായി മാറി.

പദ്ധതി പാവപ്പെട്ടവര്‍ക്ക് വീട് മാത്രമല്ല ലഭ്യമാക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആളുകള്‍ക്ക് 90 മുതല്‍ 95 ദിവസം വരെ തൊഴിലും ലഭിച്ചു. ഈ വീടുകള്‍ക്ക് നിലവിലെ ഊര്‍ജ്ജ മന്ത്രാലയത്തിലെ പദ്ധതികളുടെ അടിസ്ഥാനത്തില്‍ വൈദ്യുതിയും പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം എല്‍പിജി കണക്ഷനും ലഭ്യമാക്കി.

Author

Related Articles