News

ഇന്‍ഫോസിസ് രണ്ടാം ഘട്ട ഓഫീസ് പ്രവത്തനങ്ങള്‍ ഈ ആഴ്ച പുനരാരംഭിക്കുന്നു; 15 ശതമാനം ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങും

ഇന്‍ഫോസിസ് ലിമിറ്റഡ് രണ്ടാം ഘട്ട ഓഫീസ് പ്രവത്തനങ്ങള്‍ ഈ ആഴ്ച പുനരാരംഭിക്കും. ഇത്തവണ 15 ശതമാനം ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം നാലാം ഘട്ടത്തില്‍ എത്തിയതോടെ ലോക്ക്ഡൗണ്‍ ഇന്ത്യയിലുടനീളം ലഘൂകരിച്ചു കൊണ്ടിരിക്കുകയാണ്. 242,371 ജീവനക്കാരുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഈ ഐടി കമ്പനിയിലെ 36,350 ല്‍ അധികം ജീവനക്കാരായിരിക്കും ഈ ആഴ്ച്ച ഓഫീസുകളിലെത്തുക. ആദ്യ ഘട്ടത്തില്‍ 5% ല്‍ താഴെ ജീവനക്കാര്‍ ഓഫീസില്‍ എത്തി ജോലി ചെയ്തിരുന്നു.

ഇന്‍ഫോസിസ് എല്ലാ സ്ഥലങ്ങളിലെയും ഓഫീസുകള്‍ വീണ്ടും തുറന്നുവെന്നും ഈ ആഴ്ച രണ്ടാം ഘട്ടം ആരംഭിക്കുമെന്നും ക്രമേണ ഓഫീസ് ജോലികള്‍ പഴയതുപോലെ ആക്കുകയാണ് ലക്ഷ്യമെന്നും ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹ്യൂമന്‍ റിസോഴ്സ് മേധാവിയുമായ കൃഷ് ശങ്കര്‍ പറഞ്ഞു. പ്രാരംഭ ഘട്ടത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വ്യവസായ സ്ഥാപനമായ നാസ്‌കോമിന്റെ നിര്‍ദ്ദേശ പ്രകാരമാണ്.

പ്രാരംഭ ഘട്ടത്തില്‍ 10-15% ജീവനക്കാരെ ഓഫീസുകളിലേക്ക് അയയ്ക്കാനാണ് ഐടി കമ്പനികളോട് നാസ്‌കോം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സലീല്‍ പരേഖ് കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലെ ഓഫീസില്‍ എത്തി ജോലി ആരംഭിച്ചിരുന്നു. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍, കമ്പനിയുടെ 93% ജീവനക്കാരും വീടുകളിലിരുന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജീവനക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്നും. ഉല്‍പാദനക്ഷമത നഷ്ടപ്പെട്ടിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോള്‍, ഓഫീസിലേക്ക് ഉടന്‍ ജീവനക്കാര്‍ മടങ്ങി വരേണ്ടതില്ലെന്നും കൃഷ് ശങ്കര്‍ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഫോസിസ് വക്താവ് പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍, ഫ്രണ്ട് ഡെസ്‌കിലെ താപനില പരിശോധനയ്ക്കിടയിലും ജീവനക്കാര്‍ സാമൂഹിക അകലം പാലിക്കുന്നതായി കാണാം. നിലവിലുള്ള പകര്‍ച്ചവ്യാധി കണക്കിലെടുത്ത് പ്രമോഷനുകളും ശമ്പള വര്‍ദ്ധനവും ഇന്‍ഫോസിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഉയര്‍ന്നുവരുന്ന കൊറോണ വൈറസ് സാഹചര്യം കാരണം പുതിയ നിയമനം, പ്രമോഷനുകള്‍, ഇന്‍ക്രിമെന്റുകള്‍ എന്നിവ താത്ക്കാലികമായി നിര്‍ത്തി വച്ചു. കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പല ഐടി കമ്പനികളും തങ്ങളുടെ പുതിയ റിക്രൂട്ട്മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

Author

Related Articles