News

അനുമതി ലഭിച്ചിട്ടും ഐപിഒയ്ക്ക് മുതിരാതെ 34 കമ്പനികള്‍; വിപണി മെച്ചപ്പെടുമെന്ന് പ്രതീക്ഷ

മുംബൈ: കോവിഡ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലും വിപണി അസ്ഥിരമായതിനാലും അനുമതികളെല്ലാം ലഭിച്ചിട്ടും പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താതെ 34 കമ്പനികള്‍ മികച്ച സമയത്തിനായി കാത്തിരിക്കുന്നു. ഓഹരി വിപണി നിരീക്ഷണ ബോര്‍ഡായ സെബിയുടെ കണക്കുപ്രകാരം 33,516 കോടി രൂപയുടെ ഐപിഒയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. വിപണി മെച്ചപ്പെട്ട ശേഷം മികച്ച മൂല്യത്തോടെ ഐപിഒ നടത്താനാണ് ഈ കമ്പനികള്‍ കാത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019-ല്‍ ഐപിഒ പൊതുവേ കുറവായിരുന്നു. 16 കമ്പനികള്‍ ചേര്‍ന്ന് ആകെ 12,365 കോടി രൂപയാണ് സമാഹരിച്ചത്.

2015-നുശേഷം ഏറ്റവും കുറവ് ഐപിഒ നടന്നതും കഴിഞ്ഞ വര്‍ഷമാണ്. അതുകൊണ്ടുതന്നെ കമ്പനികളും നിക്ഷേപകരും 2020-നെ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി കോവിഡെത്തിയത് സ്ഥിതി വഷളാക്കി. മാര്‍ച്ചിലെ ഇടിവിനുശേഷം ഓഹരി വിപണി കരകയറി വരുകയാണെങ്കിലും ഐപിഒയുമായി ഇറങ്ങാന്‍ കമ്പനികള്‍ സന്നദ്ധമായിട്ടില്ല. നടപ്പുസാമ്പത്തികവര്‍ഷം അഞ്ചുമാസം പിന്നിടുമ്പോള്‍ റൊസാരി ബയോടെക്, മൈന്‍ഡ് സ്‌പേസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ഐപിഒകള്‍ മാത്രമാണ് നടന്നത്.

വിപണിയിലെ പണലഭ്യത മുന്‍നിര്‍ത്തി ഏതാനും കമ്പനികള്‍ കൂടി ഐപിഒയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, ഏഞ്ചല്‍ ബ്രോക്കിങ് ലിമിറ്റഡ്, ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയവയാണ് ഇതില്‍ മുന്നിലുള്ളത്. യു.ടി.ഐ.യുടെ 4000 കോടി രൂപയുടെ ഐപിഒ സെപ്റ്റംബറില്‍ ഉണ്ടായേക്കും.

സെബി നിയമപ്രകാരം എസ്.ബി.ഐ.ക്കും എല്‍.ഐ.സിക്കും യു.ടി.ഐ.യിലെ ഓഹരി പങ്കാളിത്തം പത്തുശതമാനമായി കുറയ്‌ക്കേണ്ടതുമുണ്ട്. നിലവില്‍ മൂന്നു കമ്പനികള്‍ മാത്രമാണ് ഐപിഒ അനുമതിക്കായി കാത്തുകിടക്കുന്നതെന്നാണ് പ്രൈം ഡേറ്റാബേസിന്റെ കണക്കുകള്‍ പറയുന്നത്. ആറുവര്‍ഷത്തിനിടയിലെ ഏറ്റവും മോശം സ്ഥിതിയാണിത്.

News Desk
Author

Related Articles