News

3.5 ദശലക്ഷം മൊബിക്വിക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്; നിഷേധിച്ച് കമ്പനി

മുംബൈ: ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ മൊബിക്വിക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നോ-യു-കസ്റ്റമര്‍ (കെവൈസി) വിശദാംശങ്ങള്‍, വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ 8.2 ടെറാബൈറ്റുകളുടെ ഡാറ്റ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരങ്ങളെല്ലാം വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളതായും സൈബര്‍ സുരക്ഷാ ഗവേഷകന്‍ ചൂണ്ടിക്കാണിക്കുന്നു. ഡാര്‍ക്ക് വെബ്ബില്‍ നിന്നാണ് മൊബിക്വിക്ക് ഉപയോക്താക്കള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇതോടെ 3.5 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് പുറത്തായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ന്നുവെന്ന വാര്‍ത്ത കമ്പനി നിഷേധിച്ചിട്ടുണ്ട്.

സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജഹാരിയയാണ് ഫെബ്രുവരിയില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച, ഡാര്‍ക്ക് വെബില്‍ നിന്നുള്ള ഒരു ലിങ്ക് ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങി, നിരവധി ഉപയോക്താക്കള്‍ അവരുടെ വ്യക്തിഗത വിശദാംശങ്ങള്‍ അതില്‍ കണ്ടതായി സ്ഥിരീകരിച്ചു.

നിരവധി ആളുകള്‍ മോബിക്വിക് ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ 1.5 ബിറ്റ്‌കോയിന് അല്ലെങ്കില്‍ ഏകദേശം 86,000 ഡോളറിന് വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിയെന്നും സുരക്ഷാ വീഴ്ചകളൊന്നും കണ്ടെത്തിയില്ല. ഞങ്ങളുടെ ഉപയോക്താക്കളുടേയും കമ്പനിയുടെയും വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് മോബിക്വിക് വക്താവ് വ്യക്തമാക്കി.

മൊബിക്വിക്കിന്റെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നേരത്തെ ഫെബ്രുവരി 26 ന് ഗവേഷകനായ രാജഹാരിയ '11 കോടി ഇന്ത്യന്‍ കാര്‍ഡ് ഉടമകളുടെ കാര്‍ഡ് ഡാറ്റ, വ്യക്തിഗത വിശദാംശങ്ങളും കെവൈസി സോഫ്റ്റ് കോപ്പി (പാന്‍, ആധാര്‍ മുതലായവ) ഉള്‍പ്പെടെ, ഇന്ത്യയിലെ ഒരു കമ്പനിയുടെ സെര്‍വറില്‍ നിന്ന് ചോര്‍ന്നതായാണ് ആരോപിക്കുന്നത്. ഇതില്‍ 6 ടിബി കെവൈസി ഡാറ്റയും 350 ജിബി കംപ്രസ്ഡ് മൈസ്‌ക്ല്‍ ഡമ്പുമാണ് അടങ്ങിയിട്ടുള്ളത്. തന്റെ ട്വീറ്റുകളെ തുടര്‍ന്ന് മോബിക്വിക്കിന്റെ പേരെടുത്ത് പരാമര്‍ശിച്ച ഗവേഷകന്‍ 2010ന് ശേഷമുള്ള വിവരച്ചോര്‍ച്ചയെക്കുറിച്ചുള്ള പഴയ പോസ്റ്റുകളെല്ലാം നീക്കം ചെയ്യുകയും ചെയ്തുിരുന്നു.

Author

Related Articles