News

5 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നത് 38 പേര്‍!

2019 വരെയുള്ള അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്തു നിന്ന് ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നത് 38 പേര്‍. ഇതില്‍ 20 പേര്‍ക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേറ്റ് 2002 ലെ മണി ലെന്‍ഡറിംഗ് ആക്ട് പ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും 14 പേരെ കൈമാറുന്നതിനായി വിവിധ രാജ്യങ്ങളോട് അപേക്ഷിച്ചിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

ബിസിനസുകാര്‍ തട്ടിപ്പിലൂടെ വായ്പ നേടുന്നതിനും പിന്നീട് വിദേശത്തേക്ക് കടക്കുന്നതിനും എതിരെ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്റ്റ്, 2018 പോലുള്ള നിയമനിര്‍മാണം അതിനു വേണ്ടിയാണെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പ് നടത്തുന്നവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളാണ് ഇതിലൂടെ ഉണ്ടാവുക.

50 കോടി രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ കമ്പനിയുടെ ഡയറക്റ്റര്‍മാരുടെയോ പ്രമോട്ടര്‍മാരുടെയോ ഉള്‍പ്പടെയുള്ളവരുടെ സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് കോപ്പി വാങ്ങി സൂക്ഷിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചു വരികയാണ്.

ലോക്സഭയില്‍ അവതരിപ്പിച്ച കണക്കു പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തില്‍ മുന്നില്‍. 2020 മാര്‍ച്ചിലെ കണക്കു പ്രകാരം കാര്‍ഷികാനുബന്ധ മേഖലകളിലെ വായ്പകളില്‍ 32543 കോടി രൂപയും വ്യവസായ വായ്പയില്‍ 74922 കോടി രൂപയും റീറ്റെയ്ല്‍ വായ്പകളില്‍ 39976 കോടി രൂപയും നിഷ്‌ക്രിയ ആസ്തിയുടെ പട്ടികയിലുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് തൊട്ടുപിന്നില്‍.

Author

Related Articles