News

മുഴുവന്‍ ശമ്പളത്തോടെ ആഴ്ചയില്‍ 4 ദിവസം മാത്രം പ്രവൃത്തി ദിനം; പദ്ധതിയുമായി യുകെ

ശമ്പളം വെട്ടിക്കുറയ്ക്കാതെ തന്നെ ജോലി സമയം കുറയ്ക്കുക എന്ന സ്വപ്നം കൂടുതല്‍ സ്വീകാര്യത നേടുന്നു. യുകെയില്‍ ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പദ്ധതി നിലവില്‍ വരുകയാണ്. അതിലേക്ക് ഇതുവരെ സൈന്‍ അപ്പ് ചെയ്തത് 30 ഓളം കമ്പനികളാണ്. ആഴ്ചയില്‍ നാല് ദിവസത്തെ പ്രവൃത്തി ദിനങ്ങളുമായി നടപ്പാക്കുന്ന യുകെയുടെ പദ്ധതി ജൂണില്‍ ആരംഭിക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ കമ്പനികള്‍ ജീവനക്കാരെ ആഴ്ചയില്‍ 32 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവദിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും.

അതേസമയം 32 മണിക്കൂര്‍ അഞ്ച് ദിവസത്തേക്ക് വ്യാപിപ്പിക്കാന്‍ കമ്പനികള്‍ക്ക് ജീവനക്കാരോട് ആവശ്യപ്പെടാം. 'ആഴ്ചയില്‍ നാലുദിവസമായി പ്രവൃത്തി ദിനം ചുരുക്കുന്നത് തൊഴിലാളികളുടെ ക്ഷേമത്തിനും കമ്പനികള്‍ക്കും ഒരു വിജയമായിരിക്കും,' യുകെയിലെ ഫോര്‍ ഡേ വീക്ക് കാമ്പെയ്നിന്റെ ഡയറക്ടര്‍ ജോ റൈല്‍ ചൊവ്വാഴ്ച ഒരു ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

4 ഡേ വീക്ക് ഗ്ലോബല്‍ നടത്തുന്ന ലോകമെമ്പാടുമുള്ള നിരവധി പദ്ധതികളില്‍ ഒന്നാണ് യുകെയിലെ പദ്ധതി. കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ ആസൂത്രണം ചെയ്തിട്ടുള്ള സമാന പരിപാടികള്‍ യുഎസിലും അയര്‍ലന്‍ഡിലും ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും റൈല്‍ പറഞ്ഞു.

ഉല്‍പാദനക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ, ഗവേഷകര്‍ തൊഴിലാളികളുടെ ക്ഷേമത്തിലും പരിസ്ഥിതിയിലും ലിംഗസമത്വത്തിലും പ്രോഗ്രാമിന്റെ സ്വാധീനം വിലയിരുത്തുകയും ചെയ്യുമെന്നും 4 ഡേ വീക്ക് ഗ്ലോബല്‍ പ്രസ്താവനയില്‍ പറഞ്ഞു. ''ആളുകള്‍ എത്ര സമയം ജോലിയിലാണെന്ന് അളക്കുന്നതില്‍ നിന്ന് മാറി, ഉല്‍പാദിപ്പിക്കുന്ന ഔട്ട്പുട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ പ്രോഗ്രാം സഹായിക്കും,'' കാമ്പെയ്നിന്റെ പൈലറ്റ് പ്രോഗ്രാം മാനേജര്‍ ജോ ഒ'കോണര്‍ പറഞ്ഞു.

Author

Related Articles