ബാങ്ക് നിക്ഷേപങ്ങളില്‍ 49.1 ശതമാനവും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധിയിലായില്ല: ആര്‍ബിഐ റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ 49.1 ശതമാനവും ഇപ്പോഴും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധിയില്‍ ആയിട്ടില്ലെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ നിക്ഷേപകര്‍ക്കുണ്ടായ ബുദ്ധിമുട്ട് മുന്‍നിര്‍ത്തി 2020 ഫെബ്രുവരി നാലിനാണ് ബാങ്കു നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയത്.
വിവിധ ബാങ്കുകളിലായി ആകെയുള്ള 252.6 കോടി അക്കൗണ്ടുകളില്‍ 98.1 ശതമാനവും ഡെപോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷനില്‍ (ഡി.ഐ.സി.ജി.സി.) രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 247.8 കോടി അക്കൗണ്ടുകളാണ് രജിസ്റ്റര്‍ചെയ്തത്. 4.8 കോടി അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യാതെയുണ്ട്. എന്നാല്‍ നിക്ഷേപത്തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അക്കൗണ്ടുകള്‍ക്കുള്ള പരിരക്ഷയേക്കാള്‍ വളരെ കുറവാണ്. ആര്.ബി.ഐ. കണക്കനുസരിച്ച് ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ആകെ നിക്ഷേപങ്ങള്‍ 76,21,258 എണ്ണമാണ്. ആകെയുള്ള 1,49,67,776 നിക്ഷേപ അക്കൗണ്ടുകളുടെ 50.9 ശതമാനം മാത്രമാണിത്. അതായത് 49.1 ശതമാനത്തോളം നിക്ഷേപങ്ങള്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് പരിധിക്കുപുറത്താണ്.
നിക്ഷേപ ഇന്‍ഷുറന്‍സ് പരിധി അഞ്ചുലക്ഷമായി ഉയര്‍ത്തിയതുകൊണ്ട് നിക്ഷേപങ്ങളെല്ലാം ഇതിലുള്‍പ്പെടണമെന്നില്ല. എല്ലാ ബാങ്കുകളും ഡി.ഐ.സി.ജി.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നിക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും അതിനാവശ്യമായ തുക ഡി.ഐ.സി.ജി.സി.യില്‍ അടയ്ക്കുകയും ചെയ്യുമ്പോഴാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ വരുക. നിക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതോ പ്രീമിയം തുക ബാങ്കുകള്‍ അടയ്ക്കാത്തതോ ആണ് ഇവ അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരാതിരിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടില്‍ ഉയര്‍ന്ന തുകയുണ്ടെങ്കില്‍ ഇതിനുപൂര്ണമായി പരിരക്ഷയുണ്ടാവണമെന്നില്ല. 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ അഞ്ചുലക്ഷം രൂപയ്ക്കുമാത്രമായിരിക്കും ഇന്‍ഷുറന്‍സ് സംരക്ഷണം ഉണ്ടാവുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍