News

5 ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് വേണ്ടത് 30,000 രൂപ

കോവിഡ് രോഗികളുടെ ചിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നിര്‍മിക്കാന്‍ ഹെറ്റിറോ, സിപ്ല എന്നീ കമ്പനികള്‍ക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. റെംഡെസിവിറിന്റെ 100 മില്ലിഗ്രാം കുത്തിവെപ്പ് മരുന്ന് സിപ്രേമി എന്ന പേരില്‍ സിപ്ല ഇതിനകം പുറത്തിറക്കികഴിഞ്ഞു. ഹെറ്റിറോയാകട്ടെ കോവിഫോര്‍ എന്ന ബ്രാന്‍ഡിലാണ് മരുന്ന് പുറത്തിറക്കിയിട്ടുള്ളത്.

മരുന്നിന്റെ വില സിപ്ല പുറത്തുവിട്ടിട്ടില്ലെങ്കിലും 5000-6000 രൂപ നിലവാരത്തിലാകും വിലയെന്ന് ഹെറ്റിറോ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിക്ക് 30,000 രൂപയോളം ചെലവുവരും. റിസ്‌ക് മാനേജുമെന്റ് പദ്ധതിയുടെ ഭാഗമായി മരുന്ന് ഉപയോഗത്തിനുള്ള പരിശീലനം നടത്തിവരികയാണെന്ന് കമ്പനി വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനം പൊതുവിപണി എന്നിവ വഴി മരുന്ന് വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ബിഡിആര്‍ ഫാര്‍മയുടെ സഹകരണത്തോടെയാണ് സിപ്ല മരുന്ന് നിര്‍മിക്കുന്നത്.
ഹെറ്റിറോ ഇതിനകം മരുന്ന് ലഭ്യമാക്കിയതായി പറയുന്നു. നിലവില്‍ രാജ്യത്തെ ആവശ്യത്തിനുള്ള മതിയായ ശേഖരമുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

ഒക്സിജന്‍ സ്വീകരിക്കുന്ന ഗുരുതരമല്ലാത്ത കോവിഡ് രോഗിക്കള്‍ക്ക് റെംഡെസിവിര്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മൂത്രാശയ പ്രശ്നങ്ങളുള്ളവര്‍ക്കും കരള്‍ സംബന്ധമായ പ്രശ്നമുള്ളവര്‍ക്കും ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കും ഇത് നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Author

Related Articles