News

ഓഹരി വിപണിയില്‍ ലിസ്റ്റ്ചെയ്ത 50 കമ്പനികളെക്കുറിച്ച് ബിഎസ്ഇക്ക് വിവരം ലഭിച്ചില്ല

രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ അന്വേഷച്ചെങ്കിലും ഓഹരി വിപണിയില്‍ ലിസ്റ്റ്ചെയ്തിട്ടുള്ള 50 കമ്പനികളെക്കുറിച്ച് ബിഎസ്ഇക്ക് വിവരം ലഭിച്ചില്ല. വിപണി ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആറുമാസമായി വ്യാപാരം നിര്‍ത്തിവെച്ച കമ്പനികളെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോഴാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്.

2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തില്‍പ്പെട്ട കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയത്. ഒരുമറുപടിയും ലഭിക്കാതിരുന്നതിനെതുടര്‍ന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് അന്വേഷണം നടത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിലും കോര്‍പ്പറേറ്റ് മന്ത്രാലയത്തിലും കമ്പനികള്‍ ഏറ്റവുംപുതിയ വിലാസം നല്‍കണമെന്നാണ് നിയമം. കൊറിയര്‍, ഇ-മെയില്‍ വിലാസങ്ങളിലാണ് നേട്ടീസ് അയച്ചതെങ്കിലും കൈപ്പറ്റാതെ തിരിച്ചുവന്നു.

കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 16ന് ഇ-മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഹരികള്‍ എക്സ്ചേഞ്ചില്‍ നിന്ന് നീക്കം ചെയ്യുമെന്ന അറിയിപ്പും നല്‍കിയിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് മെയ് 26നും കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കമ്പനികളെക്കുറിച്ച് വിവരമില്ലാത്തത് മഹാരാഷ്ട്രയിലാണ്. 14 കമ്പനികളാണ് ഓഫീസടച്ച് മുങ്ങിയത്. ഗുജറാത്തില്‍ ഏഴും തമിഴ്നാട്ടില്‍ ആറും ഡല്‍ഹിയിലും പശ്ചമ ബംഗാളിലും അഞ്ചുവീതവും കര്‍ണാടകയില്‍ മൂന്നും ഹരിയാണ, ആന്ധ്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടുവീതവും ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഒന്നുവീതവും കമ്പനികളെക്കുറിച്ചാണ് വിവരങ്ങള്‍ ലഭ്യമല്ലാത്തത്.

Author

Related Articles