News

സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ പദവിയിലേക്ക് മുന്നേറുന്നു; ഒരാഴ്ചക്കിടയില്‍ 6 കമ്പനികള്‍

മുംബൈ: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ പദവിയിലേക്ക് മുന്നേറുന്നതിന്റെ വേഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. നിലവിലെ കലണ്ടര്‍ വര്‍ഷത്തില്‍ ഇതിനകം 10 കമ്പനികള്‍ യൂണികോണ്‍ പദവിയിലേക്ക് എത്തി. ഇതില്‍ 6 കമ്പനികള്‍ ഈ നേട്ടം സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ്. കോവിഡ് 19 സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളും രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപ സമാഹരണത്തെയും മൂല്യ നിര്‍ണയത്തെയും സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

1 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യം കണക്കാക്കുന്ന സ്റ്റാര്‍ട്ടുകളെയാണ് യൂണികോണുകള്‍ എന്നു വിശേഷിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് 47 യൂണിക്കോണുകളാണ് ഉള്ളത്. വെഞ്ച്വര്‍ മൂലധന നിക്ഷേപകരും വിദഗ്ധരും നടത്തുന്ന വിലയിരുത്തല്‍ പ്രകാരം 2025ഓടെ ഇന്ത്യയില്‍ 150 യൂണിക്കോണുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വെഞ്ച്വര്‍ ഇന്റെലിജന്‍സ് പ്ലാറ്റ്‌ഫോമില്‍ നിന്നു ലഭിക്കുന്ന ഡാറ്റ അനുസരിച്ച് 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പേടിഎം ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ്.   

സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ഏപ്രിലിലെ ആദ്യവാരം എല്ലാഴ്‌പ്പോഴും പുതിയ നിക്ഷേപങ്ങളില്‍ ഉണര്‍വ് പ്രകടമാകാറുണ്ട്. മെസേജിംഗ് പ്ലാറ്റ്‌ഫോം ആയ ഗപ്ഷപ് ആണ് ഇക്കഴിഞ്ഞയാഴ്ച അവസാനമായി യൂണികോണ്‍ ക്ലബ്ബിലെത്തിയത്. 1.4 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചതായി എന്റര്‍പ്രൈസ് മെസേജിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.

ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനായ മോജിന്റെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റിന്റെയും മാതൃസ്ഥാപനമായ മൊഹല്ല ടെക് 502 മില്യണ്‍ ഡോളറിന്റെ സമാഹരണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ലൈറ്റ്‌സ്പീഡ് വെഞ്ച്വേഴ്‌സ്, ടൈഗര്‍ ഗ്ലോബല്‍, സ്‌നാപ്പ് ഇങ്ക്, ട്വിറ്റര്‍, ഇന്ത്യാ ക്വോട്ടിയന്റ് എന്നിവയില്‍ നിന്നുള്ള പങ്കാളിത്തം ഉണ്ടായ ഫണ്ടിംഗ് റൗണ്ടില്‍ 2.1 ബില്യണ്‍ ഡോളര്‍ മൂല്യ നിര്‍ണയമാണ് മെഹല്ല ടെക്കിന് കിട്ടിയത്.   

മഹാമാരിയെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയിലെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് പല സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും അവസരമാകുന്നുണ്ട്. 2021 ല്‍ യൂണികോണ്‍ ആയി മാറിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി മേഖലയിലെ ഇന്‍ഫ്രാ മാര്‍ക്കറ്റ്, ഹെല്‍ത്ത് ടെക്കില്‍ നിന്നുള്ള ഇന്നോവേസര്‍; നോണ്‍ ബാങ്ക് വായ്പാ സ്ഥാപനം ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്; ഇ-ഫാര്‍മസി എപിഐ ഹോള്‍ഡിംഗ്‌സ്; സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് മീഷോ; ഫിന്‍ടെക് കമ്പനികളായ ഡിജിറ്റ് ഇന്‍ഷുറന്‍സ്, ഗ്രോ, ക്രെഡ് എന്നിവ ഉള്‍പ്പെടുന്നു.

Author

Related Articles