News

81 ശതമാനം സൂക്ഷ്മ സംരംഭകര്‍ക്കും തിരിച്ചുവരാന്‍ കഴിയും എന്ന് പ്രതീക്ഷ; 57 ശതമാനത്തിനും കൈവശം പണമില്ല; കോവിഡാനന്തര പ്രതീക്ഷകളുമായി സര്‍വേ ഫലം

രാജ്യത്തെ 81 ശതമാനം സൂക്ഷ്മ സംരംഭകരും കോവിഡിന് ശേഷം തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷയുളളവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോവിഡ് -19 ധന പ്രതിസന്ധിയെ തുടര്‍ന്ന് വലിയ ബാധ്യത രാജ്യത്തെ സൂക്ഷ്മ-ചെറുകിട സംരംഭകര്‍ക്കുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, രാജ്യത്തെ സംരംഭകരില്‍ 57 ശതമാനത്തിനും കോവിഡിന് ശേഷം തങ്ങളുടെ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ പണം കൈവശമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ക്രിയാ യൂണിവേഴ്‌സിറ്റിയിലെ എല്‍ഇഎഡിയുമായി സഹകരിച്ച് ഗെയിം (ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ് എന്റര്‍പ്രണര്‍ഷിപ്പ്) നടത്തുന്ന ആറുമാസത്തെ സര്‍വേയുടെ ആദ്യ ഫലങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 40 ശതമാനം പേര്‍ ചെലവുകള്‍ക്കായി പണം കടം വാങ്ങാന്‍ ശ്രമിച്ചുവെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍വേ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.  

മൊത്തം വായ്പയുടെ 14 ശതമാനം മാത്രമാണ് ഔപചാരിക വായ്പയെടുക്കല്‍ സ്രോതസ്സുകളില്‍ നിന്ന് എംഎസ്എംഇ മേഖലയ്ക്ക് ലഭിക്കുന്നത്. പുതുക്കിയ മാനദണ്ഡമനുസരിച്ച്, ഒരു കോടി രൂപ വരെ നിക്ഷേപവും 5 കോടി രൂപയ്ക്ക് താഴെയുള്ള വിറ്റുവരവുമുള്ള ഏതൊരു സ്ഥാപനത്തെയും 'മൈക്രോ' എന്റര്‍പ്രൈസായി തരംതിരിക്കുന്നു. കോവിഡ് -19 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിനാശകരമായി ബാധിച്ചുവെന്ന് ഗെയിം സഹസ്ഥാപകന്‍ മദന്‍ പദാക്കി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഇന്ത്യയിലെ 99 ശതമാനം സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന മൈക്രോ എന്റര്‍പ്രൈസസിനെയാണ് കൂടുതല്‍ പ്രതിസന്ധി തളര്‍ത്തിയത്.

'ഈ രേഖാംശ സര്‍വേയിലൂടെ, പണമൊഴുക്ക് കൈകാര്യം ചെയ്യുന്നതിലും തകര്‍ന്ന വിതരണ ശൃംഖലകളും കാലതാമസം നേരിടുന്ന പേയ്‌മെന്റുകളും കൈകാര്യം ചെയ്യുന്നതില്‍ മൈക്രോ എന്റര്‍പ്രൈസസ് നേരിടുന്ന വെല്ലുവിളികള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു, ''പദാക്കി പറഞ്ഞു. എല്ലാ പ്രതികരണങ്ങളിലും വനിതാ ബിസിനസ്സ് ഉടമകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഗാര്‍ഹിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും സര്‍വേ വെളിപ്പെടുത്തി.

Author

Related Articles