News

ഇപിഎഫ് കൂട്ടത്തോടെ പിന്‍വലിച്ച് ടിസിഎസ് ജീവനക്കാര്‍; പിന്‍വലിച്ചത് 43 കോടി രൂപ

ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ (ടിസിഎസ്) ജീവനക്കാര്‍ കൂട്ടത്തോടെ ഇപിഎഫ് പിന്‍വലിച്ചു. കോവിഡ് പ്രതിസന്ധി കാരണം ടിസിഎസിലെ 9000 ജീവനക്കാര്‍ ഏകദേശം 43 കോടി രൂപയാണ് ഈയിനത്തില്‍ പിന്‍വലിച്ചിരിക്കുന്നത്.

കോവിഡ് കാലയളവില്‍ ഏറ്റവും ഉയര്‍ന്ന ഇപിഎഫ് പിന്‍വലിക്കലില്‍ രണ്ടാം സ്ഥാനത്താണ് ടിസിഎസ്. രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ കാരണം പ്രതിസന്ധിയിലായിരുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പിന്‍വലിക്കലുകള്‍ നടത്തിയ ആദ്യ പത്ത് കമ്പനികളുടെ പട്ടിക കഴിഞ്ഞ ദിവസം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുറത്തുവിട്ടിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ 7000 ജീവനക്കാര്‍ 27 കോടി രൂപ തങ്ങളുടെ ഇപിഎഫ് എക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. എന്‍എല്‍സി ജീവനക്കാരാണ് പട്ടികയില്‍ മുന്നിലുള്ളത്. 84.4 കോടി രൂപയാണ് ഈ കമ്പനിയിലെ ജീവനക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് (40.1 കോടി രൂപ), എന്‍ടിപിസി (28.7 കോടി രൂപ), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (26.2കോടി), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (24.2 കോടി രൂപ) എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോവിഡ് കാലയളവിലെ പുതിയ നിര്‍ദേശ പ്രകാരം 72 മണിക്കൂറിനുള്ളില്‍ അപേക്ഷകര്‍ക്ക് ക്ലെയിം തുക നല്‍കണം. ഇത്തരത്തില്‍ 1.37 ലക്ഷം ക്ലെയിം ഇനത്തില്‍ 279.65 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്.

Author

Related Articles