News

വിമാനത്താവളങ്ങള്‍ക്ക് പേരിട്ട് അദാനി; ബ്രാന്‍ഡ് നാമത്തിനെതിരെ എതിര്‍പ്പുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ പല വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അവകാശം അടുത്തിടെ അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളവും അദാനി ഗ്രൂപ്പിന് കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ കേരളം സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം ഏറെ ഗുരുതരമായതാണ്.

വിമാനത്താവളങ്ങളില്‍ അദാനി എന്റര്‍പ്രൈസസ് അവരുടെ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). രണ്ട് മാസം മുന്‍പ് മാത്രം ഏറ്റെടുത്ത മംഗളൂരു, ലഖ്‌നൗ, അഹമ്മദാബാദ് എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ അദാനി എന്റര്‍പ്രൈസസ് അവരുട ബ്രാന്‍ഡ് നാമം പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എഎഐ എതിര്‍ത്തിരിക്കുന്നത്.

ഇത് പരസ്പരം ഒപ്പുവച്ച കരാറിന്റെ ലംഘനമാണെന്നാണ് എഎഐ ആരോപിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയെയോ അതിന്റെ ഓഹരിയുടമകളെയോ തിരിച്ചറിയുന്ന രീതിയില്‍ വിമാനത്താവളങ്ങളെ മുദ്രകുത്തരുതെന്ന് കരാര്‍ അനുശാസിക്കുന്നു.

മംഗളുരു എയര്‍പോര്‍ട്ട് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് എഎഐയില്‍ നിന്ന് ഇരു കൂട്ടരും ഒപ്പിട്ട കണ്‍സെഷന്‍ ഉടമ്പടിയുടെ ലംഘനം ഉണ്ടായതായി വ്യക്തമാക്കിക്കൊണ്ടുളള ആശയവിനിമയം ലഭിച്ചു. കരാര്‍ ലംഘിച്ച്, എല്ലാ ഡിസ്‌പ്ലേ ബോര്‍ഡുകളിലും അദാനി എയര്‍പോര്‍ട്ട്‌സ് എന്ന പേര് പ്രതിഫലിപ്പിക്കുന്നതായാണ് എഎഐ ചൂണ്ടിക്കാണിക്കുന്നത്.

ലഖ്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സമാനമായ ആശയവിനിമയം അദാനി എന്റര്‍പ്രൈസസും എഎഐയുടെ തമ്മില്‍ നടന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കരാറിന്റെ നിബന്ധനകള്‍ കമ്പനി പാലിച്ചിട്ടുണ്ടെന്നും ആരോപണത്തെ അടിസ്ഥാനരഹിതമെന്നും അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പേര്‍ട്ട് ചെയ്യുന്നു.

'ഞങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് ഓര്‍ഗനൈസേഷനാണ്, ഞങ്ങളുടെ പങ്കാളികളുമായി സിവില്‍ വ്യോമയാന നിബന്ധനകള്‍ പാലിക്കുന്നതില്‍ ഞങ്ങള്‍ അതീവ ജാഗ്രത പാലിക്കുന്നു. ഓണ്‍-സൈറ്റ് ബ്രാന്‍ഡിംഗിനെക്കുറിച്ച് അഅക ചില വ്യക്തത തേടി, ഇതിന് കരാറിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നു. കരാറിന്റെ പ്രാഥമിക ആവശ്യകതയായ ഞങ്ങളുടെ ബ്രാന്‍ഡിംഗില്‍ മൂന്ന് വിമാനത്താവളങ്ങളുടെയും നിയമപരമായ പേരുകള്‍ പ്രധാനമായും നിലനിര്‍ത്തിയിട്ടുണ്ട്. മൂന്ന് വിമാനത്താവളങ്ങളുടെയും പേരുകള്‍ മാറ്റാന്‍ ഞങ്ങള്‍ ഒരു ശ്രമവും നടത്തിയിട്ടില്ല,' അദ്ദേഹം പറഞ്ഞു.

Author

Related Articles