News

അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായത്തില്‍ വര്‍ധന

അബുദാബി: അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ (അഡ്നിക്) അറ്റാദായത്തില്‍ 133.1 ശതമാനം വര്‍ധന. 2019 ആദ്യപാദത്തിലെ 52.6 മില്യണ്‍ ദിര്‍ഹത്തില്‍ നിന്നും അറ്റാദായം 122.6 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. നിലവിലെ വാണിജ്യ സാഹചര്യങ്ങളും ബിസിനസ് തുടര്‍ച്ചാ നടപടികളുമാണ് അഡ്നികിന് നേട്ടമായത്.

പ്രസ്തുത കാലയളവില്‍ പ്രീമിയങ്ങള്‍ 7.7 ശതമാനം വര്‍ധിച്ച് 1.87 ബില്യണ്‍ ദിര്‍ഹത്തിന്റേതായി. നഷ്ടപരിഹാരം അടക്കമുള്ള ബാധ്യതകള്‍ നല്‍കുന്നത് വഴിയുള്ള ലാഭത്തിലും (അണ്ടര്‍റൈറ്റിംഗ് പ്രോഫിറ്റ്) വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അണ്ടര്‍റൈറ്റിംഗ് പ്രോഫിറ്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 79.4 ശതമാനം വര്‍ധിച്ച് 151.2 മില്യണ്‍ ദിര്‍ഹമായി. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കമ്പനിയുടെ ശേഷിയാണ് ശക്തമാര്‍ന്ന സാമ്പത്തിക പ്രകടനത്തിലൂടെ വെളിവാകുന്നതെന്ന് അഡ്നിക് സിഇഒ അഹമ്മദ് ഇന്ദ്രിസ് അവകാശപ്പെട്ടു.

ജനുവരി തുടക്കം മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള മൂന്നുമാസ കാലയളവില്‍, കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള മാന്‍ 'ടുഗെതര്‍ വി ആര്‍ ഗുഡ്' പരിപാടിക്ക് വേണ്ടി അഡ്നിക് 3 മില്യണ്‍ ദിര്‍ഹം സംഭാവന നല്‍കി. സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) ഉദ്യമങ്ങളിലൂടെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടരുമെന്നും കമ്പനി അറിയിച്ചു.

Author

Related Articles