News

കൊറോണ സാഹചര്യത്തിൽ ആശ്വാസം പകർന്ന് അല്‍ദര്‍; സ്‌കൂള്‍ ഫീസ് 20 ശതമാനം വെട്ടിക്കുറച്ചു

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അല്‍ദര്‍ പ്രോപ്പര്‍ട്ടീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്‌കൂള്‍ ഫീസ് 20 ശതമാനം വെട്ടിക്കുറച്ചു. അല്‍ദര്‍ അക്കാഡമിക്‌സ്, ക്രാന്‍ലെയ്ഗ് അബുദാബി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭ്യമാകുമെന്നും ഭക്ഷണ, ഗതാഗത ഇനങ്ങളില്‍ അടച്ചിരുന്ന മുഴുവന്‍ ഫീസും തിരിച്ചുനല്‍കുമെന്നും അല്‍ദര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു.

പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി മൂന്നാം ടേമിലേക്കുള്ള ഫീസുകള്‍ 2020 സെപ്റ്റംബറില്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പായി ഘട്ടംഘട്ടമായി അടച്ചാല്‍ മതിയെന്നും അല്‍ദര്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചു. മൂന്നാം ടേമിലേക്കുള്ള ഫീസ് ഇതിനോടകം അടച്ച മാതാപിതാക്കള്‍ക്ക് 20 ശതമാനം തുക തിരിച്ചുനല്‍കും. 2020-2021 അധ്യയന വര്‍ഷത്തില്‍ മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസുകള്‍ മാസംതോറും അടയ്ക്കാനുള്ള സൗകര്യമുണ്ടാകുമെന്നും കമ്പനി അറിയിച്ചു.

പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായിട്ടില്ലാത്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീണ്ടുപോകാന്‍ ഇടയുളളതിനാല്‍ വിദൂര വിദ്യാഭ്യാസ പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയ്ക്കും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി അല്‍ദര്‍ 10 മില്യണ്‍ ദിര്‍ഹമാണ് മാറ്റിവെച്ചിരിക്കുന്നത്. മതിയായ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ മക്കള്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ കഴിവില്ലാത്ത മാതാപിതാക്കള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി, വിതരണം ചെയ്യുമെന്നും അല്‍ദര്‍ അറിയിച്ചിട്ടുണ്ട്.

”പ്രതിസന്ധി സാഹചര്യങ്ങളെ നാം ഒറ്റക്കെട്ടായി നേരിടുമെന്ന് തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. ഞങ്ങളുടെ ആളുകളുടെയും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും മറ്റ് ജനവിഭാഗങ്ങളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് അല്‍ദര്‍ കുടുംബത്തിലെ ഓരോ അംഗവും അക്ഷീണം പ്രയത്‌നിക്കുകയാണ്,” അല്‍ദര്‍ സിഇഒ തലാല്‍ അല്‍ ദിയേബി പറഞ്ഞു.

യുഎഇയിലെ മറ്റ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും സമാനമായി സ്‌കൂള്‍ ഫീസില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തലീം ഗ്രൂപ്പ് മൂന്നാംടേമിലെ സ്്കൂള്‍ഫീസില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ദുബായ് ഇംഗ്ലീഷ് കൊളേജ് നഴ്‌സറി ക്ലാസുകള്‍ മുതല്‍ രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ മൂന്നാം ടേമിലെ ഫീസില്‍ 2,250 ദിര്‍ഹത്തിന്റെ ഇളവും മൂന്നാം ക്ലാസ് മുതല്‍ പതിമൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ മൂന്നാം ടേം ഫീസില്‍ 1,750 ദിര്‍ഹത്തിന്റെ ഇളവും പ്രഖ്യാപിച്ചു. അതേസമയം ദുബായ് ആസ്ഥാനമായ ജെംസ് എജൂക്കേഷന്‍ മൂന്നാം ടേമിലേക്കുള്ള സ്‌കൂള്‍ ഫീസ് വെട്ടിക്കുറയ്ക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ 13,000 മാതാപിതാക്കള്‍ ഒപ്പിട്ടു. ഫീസില്‍ 30 ശതമാനം ഇളവെങ്കിലും വരുത്താന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയാറാകണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പകര്‍ച്ചവ്യാധി നേരിട്ട് ബാധിച്ച മാതാപിതാക്കള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് നല്‍കുമെന്ന് ജെംസ് എജൂക്കേഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

News Desk
Author

Related Articles