News

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തി

മുംബൈ: മുന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ(എഫ്പിഐ)സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി (എന്‍എസ്ഡിഎല്‍) ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടു. കള്ളപ്പണം തടയല്‍ (പിഎംഎല്‍എ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആല്‍ബുല ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എന്‍എസ്ഡിഎല്‍ മരവിപ്പിച്ചത്. ഈ കമ്പനികള്‍ക്കെല്ലാമായി അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോര്‍ട്ട് ലൂയീസില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കമ്പനികള്‍ക്ക് വെബ്സൈറ്റുകളില്ല.

അദാനി എന്റര്‍പ്രൈസസില്‍ 6.82 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 8.03 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92 ശതമാനവും അദാനി ഗ്രീനില്‍ 3.58 ശതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് 20 ശതമാനമാണ് തകര്‍ച്ച നേരിട്ടത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ കമ്പനികള്‍ക്ക് നിലവിലുള്ള ഓഹരികള്‍ വില്‍ക്കാനോ പുതിയവയില്‍ നിക്ഷേപം നടത്താനോ കഴിയില്ല.

Author

Related Articles