News

സെപ്തംബര്‍ പാദം ലാഭം കൊയ്ത് അദാനി എന്റര്‍പ്രൈസസ്; 436 കോടി രൂപ അറ്റാദായം നേടി

സെപ്തംബര്‍ പാദം ലാഭം കൊയ്ത് അദാനി എന്റര്‍പ്രൈസസ്. നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദം 435.73 കോടി രൂപ കമ്പനി അറ്റാദായം നേടി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 10.06 കോടി രൂപയുടെ നഷ്ടമായിരുന്നു ഗൗതം അദാനിക്ക് കീഴിലുള്ള കമ്പനി കുറിച്ചത്. ഇത്തവണ മൊത്തം വരുമാനം 9,312.14 കോടി രൂപയില്‍ എത്തി. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ പാദത്തില്‍ 8,626.94 കോടി രൂപയായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ മെത്തം വരുമാനം.

ഇതേസമയം, ഇക്കുറി ചിലവുകള്‍ താരതമ്യേന വര്‍ധിച്ചു. 8,788.59 കോടി രൂപയാണ് കമ്പനിക്ക് സംഭവിച്ച മൊത്തം ചിലവ്. മുന്‍വര്‍ഷമിത് 8,571.75 കോടി രൂപയായിരുന്നു. പലിശ, മൂല്യത്തകര്‍ച്ച, നികുതി എന്നിവയ്ക്ക് മുന്‍പുള്ള വരുമാനത്തിലും 76 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഈ ഇനത്തില്‍ 951 കോടി രൂപയാണ് കമ്പനിയുടെ കണക്കുപുസ്തകത്തിലുള്ളത്.

ഖനന മേഖലയില്‍ ഡിമാന്‍ഡ് കൂടിയതും സൗരോര്‍ജ്ജ ഉത്പാദന ബിസിനസ് വളര്‍ച്ച വരിച്ചതും അദാനി എന്റര്‍പ്രൈസസിന് തുണയായി. നികുതിക്ക് ശേഷമുള്ള ലാഭത്തിലും കമ്പനി കുതിച്ചുച്ചാട്ടം നടത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 362 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭമായി കമ്പനിക്ക് കിട്ടിയത്. മുന്‍വര്‍ഷമിത് 50 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ 50 ശതമാനമാണ് കമ്പനിയുടെ സൗരോര്‍ജ്ജ ഉത്പാദനം വര്‍ധിച്ചത്. ഖനന പ്രവര്‍ത്തികളില്‍ 17 ശതമാനവും വര്‍ധനവ് കണ്ടു. ഛത്തീസ്ഗഢിലെ പാര്‍സ കെന്റെ ഖനിയാണ് അദാനി എന്റര്‍പ്രൈസസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായത്. ഇവിടെ നിന്നുമാത്രം 3.2 ദശലക്ഷം ടണ്‍ കല്‍ക്കരി ഖനനം ചെയ്യാന്‍ കമ്പനിക്ക സാധിച്ചു. ഛത്തീസ്ഢിലെ ജിപി ത്രീ ഖനിയില്‍ നിന്ന് 0.2 ദശലക്ഷം ടണ്ണും ഒഡീഷയിലെ തലാബീര ടൂ, ത്രീ ഖനികളില്‍ നിന്ന് 0.1 ദശലക്ഷം ടണ്ണുമാണ് കമ്പനി പുറത്തെത്തിച്ചത്.

വിമാനത്താവള ബിസിനസിന്റെ കാര്യത്തില്‍ മംഗാലാപുരം, ലഖ്നൗ വിമാനത്താവളങ്ങള്‍ ഒക്ടോബര്‍ 31, നവംബര്‍ 2 തീയതികളിലായി അദാനി ഗ്രൂപ്പ് പൂര്‍ണമായി ഏറ്റെടുത്തു. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും ഇനി അദാനി എന്റര്‍പ്രൈസസിന്റെ ചുമതലയാണ്. നവംബറില്‍ അഹമ്മദാബാദ് വിമാനത്താവളത്തിന്റെ മേല്‍നോട്ടവും കമ്പനി ഏറ്റെടുക്കും. അഹമ്മദാബാദ്, മംഗലാപുരം, ലഖ്നൗ, തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പു അവകാശം അദാനി ഗ്രൂപ്പ് നേടിയെടുത്തിയിട്ടുണ്ട്.

Author

Related Articles