News

എസ്ബി എനര്‍ജി ഇന്ത്യയെ ഏറ്റെടുക്കുന്നതായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്; പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ കരാര്‍

ന്യൂഡല്‍ഹി: തങ്ങളുടെ പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്‌ഫോളിയോയില്‍ 4,954 മെഗാവാട്ട് കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി എസ്ബി എനര്‍ജി ഇന്ത്യയെ ഏറ്റെടുക്കുന്നതായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഎല്‍) പ്രഖ്യാപിച്ചു. ജപ്പാനിലെ സോഫ്റ്റ്ബാങ്കില്‍ നിന്നും ഇന്ത്യയുടെ ഭാരതി ഗ്രൂപ്പില്‍ നിന്നുമാണ് ഓഹരികള്‍ വാങ്ങുന്നത്. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഈ കരാര്‍.

ഏകദേശം 3.5 ബില്യണ്‍ ഡോളറിന്റെ എന്റര്‍പ്രൈസ് മൂല്യനിര്‍ണ്ണയമാണ് ഈ ഇടപാടില്‍ എസ്ബി എനര്‍ജി ഇന്ത്യക്ക് കണക്കാക്കുന്നത്. 84 ശതമാനം സൗരോര്‍ജ്ജ ശേഷി (4,180 മെഗാവാട്ട്), 9 ശതമാനം കാറ്റ്-സോളാര്‍ ഹൈബ്രിഡ് ശേഷി (450 മെഗാവാട്ട്), 7 ശതമാനം കാറ്റിന്റെ ശേഷി (324 മെഗാവാട്ട്) എന്നിവയാണ് കമ്പനിയുടെ വലിയ തോതിലുള്ള യൂട്ടിലിറ്റി ആസ്തികള്‍. 1,400 മെഗാവാട്ട് പ്രവര്‍ത്തന സൗരോര്‍ജ്ജ ശേഷിക്ക് പുറ പുറമേ മറ്റൊരു 3,554 മെഗാവാട്ട് കൂടി നിര്‍മാണ ഘട്ടത്തിലാണ്.   

കമ്പനിയുടെ എല്ലാ പദ്ധതികള്‍ക്കും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്സിഐ), എന്‍ടിപിസി ലിമിറ്റഡ്, എന്‍എച്ച്പിസി ലിമിറ്റഡ് തുടങ്ങിയ ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായി 25 വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ കരാറുകളുണ്ട്.പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ പ്രവര്‍ത്തന ആസ്തികള്‍ പ്രാഥമികമായി സോളാര്‍ പാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളാണ്. ഈ ഇടപാടിലൂടെ, എജിഎല്‍ മൊത്തം 24.3 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി, 4.9 ജിഗാവാട്ട് പ്രവര്‍ത്തന പുനരുപയോഗ ശേഷി എന്നിവ കൈവരിക്കും.

ഈ ഇടപാടിലൂടെ എസ്ബി എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കും. എസ്ബി എനര്‍ജി ഇനി മുതല്‍ ഇന്ത്യയിലെ ഒരു പ്രോജക്ട് ടെന്‍ഡറിലും പങ്കെടുക്കില്ലെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് വര്‍ഷത്തോളമായി എസ്ബി എനര്‍ജി തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കി. നേരത്തേ ഡോളര്‍ അടിസ്ഥാനമാക്കിയുള്ള താരിഫുകളും വലിയ ശേഷിയും അനുവദിക്കുന്നതിന് കമ്പനി നേരത്തേ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവ നടപ്പാക്കപ്പെട്ടില്ല.

Author

Related Articles