News

അദാനി എയര്‍പോര്‍ട്ട് ഐപിഒയുമായി ഗൗതം അദാനി മുന്നോട്ട്; ലക്ഷ്യം 29200 കോടി രൂപ

മുംബൈ: അടുത്ത വമ്പന്‍ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനി. ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് ബിസിനസ് ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 25500-29200 കോടി രൂപയുടെ ഐപിഒയാണ് അദാനി എയര്‍പോര്‍ട്ട്‌സ് പദ്ധതിയിടുന്നത്.

ഇന്ത്യയുടെ ഇന്‍ഫ്രാ കിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൗതം അദാനിയുടെ പുതിയ മാസ്റ്റര്‍ പ്ലാനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കല്‍ക്കരി ഖനനം, തുറമുഖങ്ങള്‍, ഊര്‍ജ പ്ലാന്റുകള്‍ തുടങ്ങിയ പരമ്പരാഗത ബിസിനസുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും പ്രതിരോധത്തിലേക്കും ഡാറ്റ സെന്ററുകളിലേക്കുമെല്ലാം അദാനി ഗ്രൂപ്പ് മാറുന്നതിനാണ് ബിസിനസ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.   

2019ലാണ് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് ബിസിനസിലേക്ക് പ്രവേശിക്കുന്നത്. ലക്ക്‌നൗ, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി തുടങ്ങിയ ആറ് വിമാനത്താവളങ്ങളെ ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്ന കരാര്‍ ഏറ്റെടുത്തായിരുന്നു തുടക്കം.

ഈ ആറ് മേഖല എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ എയര്‍പോര്‍ട്ടും അദാനിയാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ വിമാനയാത്രികരില്‍ 10 ശതമാനവും സഞ്ചരിക്കുന്നത് അദാനി നിയന്ത്രിക്കുന്ന എയര്‍പോര്‍ട്ടുകളിലൂടെയാണെന്നത് മറ്റൊരു വൈരുദ്ധ്യം.

തന്റെ ബിസിനസുകള്‍ വേര്‍തിരിച്ച് സ്വതന്ത്രമാക്കുന്ന കളി അദാനി മുമ്പും നടത്തിയിട്ടുണ്ട്. അദാനി ഗ്രീന്‍, അദാനി പവര്‍ ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഇത് ദൃശ്യമാണ്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫ്രാന്‍സിന്റെ ടോട്ടല്‍ തുടങ്ങിയ വന്‍കിടക്കാര്‍ക്കെല്ലാം ഓഹരികള്‍ വിറ്റ് നിക്ഷേപം സമാഹരിക്കാന്‍ അദാനിക്ക് സാധിച്ചിരുന്നു.

News Desk
Author

Related Articles