News

വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാന്‍ അദാനി പവറിന് അനുമതി; മധ്യപ്രദേശില്‍ 1320 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് വരുന്നു

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 1320 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പുതിയ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചതായി അദാനി പവര്‍. മധ്യപ്രദേശ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് അനുവാദം നല്‍കിയത്. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും സംസ്ഥാന സര്‍ക്കാര്‍ വാങ്ങും.

അദാനി പവറിന് കീഴിലെ പെഞ്ച് തെര്‍മല്‍ എനര്‍ജിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. മധ്യപ്രദേശ് പവര്‍ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡുമായി പെഞ്ച് തെര്‍മല്‍ വൈദ്യുതി വില്‍പ്പനയ്ക്കുള്ള കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ കരാര്‍ മധ്യപ്രദേശിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു. ശക്തി പദ്ധതി വഴി സംസ്ഥാനം വിതരണം ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ചാവും പ്ലാന്റില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. വൈദ്യുതോല്‍പ്പാദന മേഖലയില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ കരാറിന് ലഭിച്ച അനുമതിയെന്ന് കമ്പനി പ്രതികരിച്ചു.

ഈ നീക്കം ഊര്‍ജ്ജമേഖലയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയെക്കുറിച്ചുള്ള കമ്പനിയുടെ വിശ്വാസത്തെ സ്ഥിരീകരിക്കുന്നു. എല്ലാവര്‍ക്കും ഊര്‍ജം എന്ന ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതില്‍ താപവൈദ്യുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലയിലെ ഊര്‍ജ്ജ ഉല്‍പാദന ശേഷിയുള്ള കമ്പനിയാണിത്.

Author

Related Articles