News

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് എഡിബി; 9.7 ശതമാനം വളര്‍ച്ച മാത്രം

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഏഷ്യല്‍ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി). 2021-22 കാലയളവില്‍ ഇന്ത്യ 9.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് എഡിബിയുടെ പുതിയ വിലയിരുത്തല്‍. വിതരണ ശൃംഖലകളില്‍ തടസം നേരിട്ടാതാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി ബാങ്ക് ചൂണ്ടിക്കാണിച്ചത്.

മൂന്ന് മാസത്തിനിടയില്‍ രണ്ടാം തവണയാണ് എഡിബി ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വളര്‍ച്ചാ നിരക്ക് 11ല്‍ നിന്ന് 10 ശതമാനം ആയി കുറച്ചിരുന്നു. അന്ന് കൊവിഡ് രണ്ടാം തരംഗമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ച ഘടകമായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. 2021ല്‍ ദക്ഷിണേഷ്യന്‍ മേഖല 8.6 ശതമാനം വളര്‍ച്ച നേടുമെന്നും എഡിബി അറിയിച്ചു. നേരത്തെ ഇക്കാലയളവില്‍ മേഖല 8.8 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടല്‍.

നേരത്തെ റേറ്റിങ് ഏജന്‍സിയായ ഫിച്ചും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.7ല്‍ നിന്ന് 8.4 ശതമാനം ആയി കുറച്ചിരുന്നു. അതേസമയം ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 9.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വളര്‍ച്ചയാണ് നേടിയത്.

News Desk
Author

Related Articles