പെയ്മെന്റ് ബാങ്കെന്ന വിശേഷണം നഷ്ടപ്പെട്ട് ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക്; ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം സാധുത നഷ്ടപ്പെട്ടെന്ന് ആര്‍ബിഐ
'പെയ്മെന്റ് ബാങ്കായി' പ്രവര്‍ത്തിക്കാനുള്ള അവകാശം ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിന് നഷ്ടപ്പെട്ടു. 1949 -ലെ ബാങ്കിങ് നിയന്ത്രണ നിയമം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിന് ബാങ്കിങ് സാധുത നഷ്ടപ്പെട്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2020 ജൂലായ് 28 മുതല്‍ പെയ്മെന്റ് ബാങ്കെന്ന വിശേഷണം കമ്പനിക്കില്ലെന്നും കേന്ദ്ര ബാങ്ക് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തുന്ന കാര്യം ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തി പിന്തുടര്ന്നുവന്ന സാമ്പത്തിക മാതൃക നഷ്ടത്തിലാണെന്ന് കമ്പനി അന്ന് വിശദീകരിച്ചു. ശേഷം 2019 നവംബറില്‍ ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിനെ പാപ്പര്പ്പട്ടികയില് പെടുത്താനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് തുടങ്ങി.
നേരത്തെ, ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വോഡഫോണ്‍ ഐഡിയ ലിമിറ്റഡും സംയുക്തമായാണ് പെയ്മെന്റ് ബാങ്കെന്ന ആശയം അവതരിപ്പിച്ചത്. സംരംഭത്തില്‍ 51 ശതമാനം ഓഹരി ഗ്രാസിം ഇന്ഡസ്ട്രീസിനായിരുന്നു. 49 ശതമാനം വോഡഫോണ്‍ ഐഡിയക്കും. എന്നാല്‍ 2019 ജൂലായില്‍ ബിസിനസ് മാതൃക നഷ്ടത്തിലാണെന്ന് സൂചിപ്പിച്ച് ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക് സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. 2017 ഏപ്രിലിലാണ് പെയ്മെന്റ് ബാങ്കായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കമ്പനിക്ക് കിട്ടിയത്. 'പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ്' ബിസിനസ് രീതി സ്വീകരിക്കാനും കമ്പനിക്ക് അനുമതി ലഭിക്കുകയുണ്ടായി.
ശേഷം 2018 -ല്‍ രാജ്യത്തെ നാലാമത്തെ പെയ്മെന്റ് ബാങ്കായി ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. 2015 ഓഗസ്റ്റ് മുതല്ക്കാണ് പെയ്മെന്റ് ബാങ്ക് സേവനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്കാന് തുടങ്ങിയത്. ഇതുവരെ 11 കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് പെയ്മെന്റ് ബാങ്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ആദിത്യ ബിര്‍ല ഐഡിയ പെയ്മെന്റ് ബാങ്കിന് പുറമെ വെസ്റ്റ്പാക് ബാങ്കിങ് കോര്‍പ്പറേഷനും ബാങ്കിങ് കമ്പനിയെന്ന സാധുത നഷ്ടപ്പെട്ടതായി റിസര്‍വ് ബാങ്ക് വ്യാഴാഴ്ച്ച അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍