News

രണ്ട് വാഴപ്പഴത്തിന് 442 രൂപ ബില്‍ വന്നതിന് പിന്നാലെ ചര്‍ച്ച ഫൈവ് സ്റ്റാര്‍ കൊള്ള; ബോളിവുഡ് താരം രാഹുല്‍ ബോസിന്റെ ട്വീറ്റിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ പരസ്യം വെച്ച് ട്രോള്‍; എത്തിയത് പിസ ഹട്ടും പെപ്‌സികോയും അടക്കമുള്ള 'തമ്പുരാക്കന്മാര്‍'

ഡല്‍ഹി: ബോളിവുഡ് താരം രാഹുല്‍ ബോസിന് രണ്ട് വാഴപ്പഴം വാങ്ങിച്ചതിന് 442 രൂപ ബില്ലിട്ട ഫൈസ് സ്റ്റാര്‍ ഹോട്ടലുകാരുടെ കൊള്ള സമൂഹ മാധ്യമത്തില്‍ വൈറലായതിന് പിന്നാലെയാണ് പരസ്യം വെച്ച് ട്രോള്‍ ഇറക്കി ഭക്ഷ്യം മേഖലയിലെ വമ്പന്മാര്‍ രംഗത്തെത്തിയത്. രാജ്യ തലസ്ഥാനത്ത് രണ്ട് വാഴപ്പഴത്തിന് 10 രൂപ മാത്രമാകുമെന്നിരിക്കേ എങ്ങനെയാണ് 442 രൂപ ബില്‍ വന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പഴത്തൊലിയില്‍ തെന്നി വീഴല്ലേ എന്ന് പറഞ്ഞ് വരെ പരസ്യ വാചകങ്ങളും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.

പെപ്‌സി കോയുടേയും, പിസാ ഹട്ടിന്റെയും അടക്കമുള്ള പരസ്യങ്ങളില്‍ മാരിയറ്റ് ഹോട്ടലിന്റെ ബില്ലിനെ ട്രോളുകയായിരുന്നു. മാരിയറ്റ് ഹോട്ടലിനെ നേരെ ഇത്തരത്തില്‍ ഉയരുന്ന ട്രോളുകളില്‍ നിന്നും എങ്ങനെ രക്ഷ നേടാമെന്നാണ് അധികൃതര്‍ ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ ബിസിനസ് രംഗത്തെ എതിരാളികള്‍ അവസരം മുതലെടുക്കുകയാണ്. രാഹുല്‍ ബോസ് തുടങ്ങി വെച്ച മൂവ്‌മെന്റ് എന്ന നിലയില്‍ ഹാഷ്ടാഗുകളും ഉയരുന്നുണ്ട്.  രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപയുടെ ബില്ലുകൊടുത്ത മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴയീടാക്കിയിരുന്നു. 

പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനാണു പിഴ. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുല്‍ ബോസിന് ദുരനുഭവം നേരിടേണ്ടി വന്നത്. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുല്‍ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തു. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 442 രൂപയാകും.

റോബസ്റ്റ് വിഭാഗത്തില്‍പ്പെട്ട പഴമാണിതെന്നാണ് ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകള്‍. താരതമ്യേന റോബസ്റ്റ പഴത്തിന് വില കുറവാണ്.  രാഹുല്‍ ബോസിന്റെ ട്വീറ്റിന് താഴെ ഒട്ടനവധി പേര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തി. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇത്രയും വില ഈടാക്കുന്നത് പതിവാണെന്നും സാധാരണക്കാര്‍ അല്ലല്ലോ അവിടെ താമസിക്കുന്നതെന്നും ചിലര്‍ ചോദിച്ചു. മറ്റു ചിലരാകട്ടെ ഇത് വലിയ കൊള്ളയാണെന്ന് അഭിപ്രായപ്പെട്ടു. സംഭവം പുറംലോകത്തെ അറിയിച്ച രാഹുല്‍ ബോസിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തി.

Author

Related Articles