News

പേടിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡയറക്ടര്‍

മുംബൈ: പേടിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡയറക്ടര്‍. 27,500 ഡോളര്‍ നിക്ഷേപം സ്വീകരിച്ചിട്ടും കമ്പനി ഓഹരി നല്‍കിയില്ലെന്നും താന്‍ കമ്പനിയുടെ സഹ സ്ഥാപകനാണെന്നും 71 കാരനായ അശോക് കുമാര്‍ സക്‌സേന ആരോപിക്കുന്നു. 2.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് ഐപിഒയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തടസ്സം.

അശോക് കുമാര്‍ സക്‌സേനയുടെ പരാതി പോലീസ് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, ഡല്‍ഹി പോലീസില്‍ സമര്‍പ്പിച്ചിരിക്കുന്ന ഈ പരാതി കമ്പനിയെ ഉപദ്രവിക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്ന് റോയിട്ടേഴ്‌സിനോട് പേടിഎം പ്രതികരിച്ചു. തന്നെ പോലെ ഒരു വ്യക്തിക്ക് ഉപദ്രവിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു ചെറിയ കമ്പനി അല്ല പേടിഎം എന്നാണ് സക്‌സേനയുടെ പ്രതികരണം.

കമ്പനിയുടെ ഐപിഒ തടയണമെന്നാവശ്യപ്പെട്ട് സെബിയെയും സക്‌സേന ബന്ധപ്പെട്ടിട്ടുണ്ട്. കമ്പനിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഓഹരികള്‍ ലഭിക്കാന്‍ സാധ്യതയില്ല എന്നാണ് സക്‌സേന ഉന്നയിച്ചിരിക്കുന്ന പരാതി. 27 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമാണ് ഐപിഒയിലൂടെ കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പരാതി ഐപിഒക്ക് സെബിയില്‍ നിന്നും അനുമതി വൈകാന്‍ കാരണമായേക്കും.

ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് സെബി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിപണിയില്‍ വന്‍മുന്നേറ്റം ലക്ഷ്യമിടുന്ന കമ്പനിയെ സംബന്ധിച്ച് വലിയ കുരുക്കാണ് അശോക് കുമാര്‍ സക്‌സേനയുടെ പരാതി. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Author

Related Articles