News

ഹിമാലയന്‍ പിങ്ക് സാള്‍ട്ടിനെ ഭൗമസൂചിക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍

ഹിമാലയന്‍ പിങ്ക് സാള്‍ട്ടിനെ ഭൗമസൂചിക പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍. പാക് സാമ്പത്തിക ഉപദേഷ്ടാവ് റസാക്ക് ദാവൂദ്, ഇന്റലക്ച്വല്‍ പ്രോപ്പെര്‍ട്ടി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ മുജീബ് അഹമ്മദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. മറ്റ് രാജ്യങ്ങള്‍ ഈ ഉല്‍പന്നങ്ങളെ അവരുടെ ഭൌമസൂചിക ഉപയോഗിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കമെന്നാണ് സൂചന.

ആരോഗ്യത്തിന് സഹായകരമാകുന്ന ധാരാളം മിനറലുകള്‍ അടങ്ങിയിട്ടുള്ളതാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട്(ഹിമാലയന്‍ പിങ്ക് ഉപ്പ്). അന്താരാഷ്ട്ര നിലവാരത്തില്‍ ഹിമാലയന്‍ പിങ്ക് സാള്‍ട്ടിന്റെ വ്യാപാരത്തിന് ഈ രജിസ്‌ട്രേഷന്‍ സഹായകരമാകുമെന്നാണ് പാക് വിലയിരുത്തല്‍. ഝലം നദിയുടെ വടക്ക് മേഖലയിലുള്ള പോഠോഹാര്‍ പീഡഭൂമിയില്‍ നിന്നും പഞ്ചാബിലെ സാള്‍ട്ട് റേഞ്ചില്‍ നിന്നുമാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉല്‍പാദിപ്പിക്കുന്നത്. സമാനമായ സംഭവത്തില്‍ ബസ്മതി അരി ഇന്ത്യയുടെ ഉത്പന്നമായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത് 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ കേസ് നടത്തുന്നുണ്ട് പാകിസ്ഥാന്‍.

ഇത്തരത്തില്‍ ഭൗമസൂചിക പട്ടികയില്‍ ഇടം നേടാനുള്ള ഒരുപിടി ഉത്പന്നങ്ങളുടെ പട്ടികയാണ് പാകിസ്ഥാന്‍ തയ്യാറാക്കിയിട്ടുള്ളതെന്നാണ് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കൂടുതല്‍ ഉത്പന്നങ്ങളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുന്നത് ഉത്പന്നത്തിന്റെ വിപണത്തിന് അന്താരാഷ്ട്ര തലത്തില്‍ വന്‍ കുതിപ്പാവും നല്‍കുക. ജനുവരി മാസത്തിലാണ് പാകിസ്ഥാന്‍ ബസുമതി അരിയ്ക്കുള്ള ഭൌമസൂചിക പദവി നേടിയെടുത്തത്.

ഇതിന് പിന്നാലെയാണ് ഇന്ത്യ ബസുമതി അരിയുടെ രജിസ്‌ട്രേഷനായി യൂറോപ്യന്‍ യൂണിയനില്‍ കേസ് നല്‍കിയത്. ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന് അത് ഉത്പാദിപ്പിക്കുന്ന പ്രദേശത്തിന്റെ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയാണ് ഭൗമസൂചിക.

Author

Related Articles