News

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ രാജ്യത്ത് ഏഴ് ശതമാനം വര്‍ധനവ്

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടേയും ഭക്ഷ്യസാധനങ്ങളുടേയും കയറ്റുമതിയില്‍ 2019 സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ധാന്യങ്ങളുടേയും പാലുല്‍പ്പന്നങ്ങളുടേയും കയറ്റുമതിയില്‍ ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഗോതമ്പിലും നോണ്‍ ബേസ്മതി അരിയിലും രാജ്യത്തുനിന്ന് കയറ്റുമതിയില്‍ ഇടിവുണ്ടായി

ഭക്ഷ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായ അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) യുടെ കണക്കുകള്‍ പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1.20 ലക്ഷം കോടിയില്‍ നിന്ന് 2019 ല്‍ മൊത്തം അരി കയറ്റുമതി 1.29 ലക്ഷം കോടിയായി ഉയര്‍ന്നു. 

ക്ഷീരോല്പന്നങ്ങള്‍ 72 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. 1,955 കോടിയില്‍ നിന്ന് 3,376 കോടിയായും പയര്‍ വര്‍ഗങ്ങളുടെ കയറ്റുമതി 22 ശതമാനം വര്‍ധിച്ച് 1470 കോടിയില്‍ നിന്ന് 1,795 കോടിയുമായി വര്‍ധിച്ചു. പയര്‍വര്‍ഗങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ വരള്‍ച്ചയുടെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഉത്പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നും പയര്‍വര്‍ഗങ്ങളുടെ കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

നോണ്‍ ബസ്മതി അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി മൂല്യത്തില്‍ കുത്തനെ കുറവുണ്ടായി. ബസ്മതി ഇതര ഇനങ്ങള്‍ക്ക് 23,437 കോടിയില്‍ നിന്ന് 20,903 കോടിയായി കുറഞ്ഞു. ഗോതമ്പ് കയറ്റുമതി 624 കോടിയില്‍ നിന്ന് 369 കോടിയിലേക്ക് താഴ്ന്നു. ഡിസംബറില്‍ കാര്‍ഷിക കയറ്റുമതിയില്‍ പുതിയ കാര്‍ഷിക കയറ്റുമതി നയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ മൊത്തത്തില്‍ വളര്‍ച്ച കൈവരിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാനും ആഗോളവിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് കാര്‍ഷിക കയറ്റുമതി നയം. ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ 2017-18 ല്‍ 39 ശതമാനം വളര്‍ച്ച നേടിയിരുന്നു.

 

Author

Related Articles