News

എയര്‍ ഇന്ത്യയ്ക്ക് താത്കാലിക ആശ്വാസം; 17.6 ദശലക്ഷം ഡോളര്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ജനുവരി ആദ്യവാരം വരെ സാവകാശം

ലണ്ടന്‍: വിമാനപ്പാട്ടക്കരാറുമായി ബന്ധപ്പെട്ട കേസില്‍ എയര്‍ ഇന്ത്യയ്ക്ക് താത്കാലിക ആശ്വാസം. 17.6 ദശലക്ഷം ഡോളര്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ജനുവരി ആദ്യവാരം വരെ സാവകാശം നല്‍കിയിരിക്കുകയാണ് ബ്രിട്ടണിലെ കോടതി. കൊവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് എയര്‍ ഇന്ത്യയ്ക്ക് കോടതി സാവകാശം നല്‍കുന്നത്. ഇതേസമയം, കേസ് നടപടികളില്‍ സമയബന്ധിതമായി സഹകരിച്ചില്ലെന്നും കമ്പനിയുടെ പെരുമാറ്റം ഒട്ടും തൃപ്തികരമല്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജി സിമോണ്‍ സാല്‍സെഡോ ശക്തമായ ഭാഷയില്‍ പരാമര്‍ശിച്ചു.

ചൈനാ എയര്‍ക്രാഫ്റ്റ് ലീസിങ് കമ്പനി ലിമിറ്റഡില്‍ (സിഎഎല്‍സി) നിന്നാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്. വാടകയും പരിപാലന ചിലവുകളും ഉള്‍പ്പെടെ 17.6 ദശലക്ഷം ഡോളര്‍ സിഎഎല്‍സിക്ക് കമ്പനി കുടിശ്ശിക നല്‍കാനുണ്ട്. 2021 ജനുവരി 11 -നകം കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കണമെന്നാണ് എയര്‍ ഇന്ത്യയ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതേസമയം, ഒരു നിബന്ധനയിന്മേലാണ് എയര്‍ ഇന്ത്യയ്ക്ക് സാവകാശം ലഭിക്കുക. കുടിശ്ശികയില്‍ 5 ദശലക്ഷം ഡോളര്‍ ഡിസംബറില്‍ത്തന്നെ കമ്പനി തിരിച്ചടയ്ക്കണം.

നേരത്തെ, എയര്‍ ഇന്ത്യ മനഃപൂര്‍വം കുടിശ്ശിക അടയ്ക്കാതിരിക്കുകയാണെന്ന് സിഎഎല്‍സി ആരോപിച്ചിരുന്നു. കേന്ദ്രത്തിന് കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ കുടിശ്ശിക അടയ്ക്കാന്‍ കമ്പനി മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി തങ്ങള്‍ എയര്‍ ഇന്ത്യയുടെ കുടിശ്ശിക കാത്തുനില്‍ക്കുകയാണെന്നും സിഎഎല്‍സി പരാതിയില്‍ പറയുന്നു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് വ്യോമയാന മേഖല സ്തംഭിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന് എയര്‍ ഇന്ത്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തില്‍ വിമാനം പാട്ടത്തിന് അനുവദിച്ച മറ്റു കമ്പനികള്‍ വാടക കുറയ്ക്കാന്‍ തയ്യാറായി. എന്നാല്‍ സിഎഎല്‍സി മാത്രം വാടക കുറയ്ക്കാന്‍ തയ്യാറായില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു.

ജനുവരി 29 വരെയാണ് കമ്പനി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ സാവകാശം തേടിയത്. അല്ലാത്തപക്ഷം ക്രിസ്മസ്, പുതുവത്സര കാലത്ത് എയര്‍ ഇന്ത്യയുടെ ബ്രിട്ടണിലെയും യൂറോപ്പിലെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് കമ്പനി അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ജനുവരി 11 -നകം കുടിശ്ശിക മൊത്തമായി അടച്ചുതീര്‍ക്കാന്‍ ബ്രിട്ടണിലെ കോടതി എയര്‍ ഇന്ത്യയ്ക്ക് സാവകാശം അനുവദിച്ചത്. നിലവില്‍ കടക്കെണിയില്‍ തുടരുന്ന എയര്‍ ഇന്ത്യ പുതിയ ഉടമകളെ തേടുകയാണ്. കമ്പനിയെ ഏറ്റെടുക്കുന്നതിന് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 14 -ന് അവസാനിക്കും. എയര്‍ ഇന്ത്യ വാങ്ങാന്‍ ആരും മുന്നോട്ടു വരാത്തതാണ് കേന്ദ്രം നേരിടുന്ന മറ്റൊരു പ്രശ്നം. വാങ്ങാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ സമയപരിധി മുന്‍പ് പലതവണ സര്‍ക്കാര്‍ നീട്ടിയിരുന്നു.

Author

Related Articles