News

യുഎസില്‍ 5ജി സേവനം വ്യാപിപ്പിക്കുന്നു; സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍

യുഎസ് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വെറൈസണും എടി&ടിയും 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത് കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍. 5ജി സേവനം വ്യാപിപ്പിക്കുന്നത് വ്യോമയാന രംഗത്തെ ബാധിക്കുമെന്ന് യുഎസ് വിമാനക്കമ്പനികള്‍
നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിമാനങ്ങള്‍ പറക്കുന്ന ഉയരം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സമാന റേഡിയോ തരംഗങ്ങളാണ് (സി ബാന്‍ഡ്) 5ജി ഇന്റര്‍നെറ്റിനും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് യുഎസിലേക്കുള്ള വിവിധ സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ധാക്കിയത്.

ഡല്‍ഹി നിന്നുള്ള എയര്‍ ഇന്ത്യയുടെ, ഇന്നത്തെ ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാഗോ സര്‍വീസുകള്‍ റദ്ദാക്കി. അതേ സമയം വാഷിംഗ്ടണ്ണിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തി. ദുബായില്‍ നിന്ന് ന്യൂയോര്‍ക്ക്, ജെഎഫ്കെ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ക്ക് തടസമുണ്ടാവില്ല. മറ്റ് യുഎസ് സര്‍വീസുകളെല്ലാം കമ്പനി റദ്ദ് ചെയ്തു. ജപ്പാന്‍ എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വെയ്സ് തുടങ്ങിയവരും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

1500ഓളം വിമാനങ്ങളെയും 1.25ലക്ഷത്തിലധികം യാത്രക്കാരെയും 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത് ബാധിക്കും. സി- ബാന്‍ഡ് ആവൃത്തിയിലുള്ള ഉപകരണങ്ങള്‍ മാറ്റാന്‍ വിമാനക്കമ്പനികള്‍ക്ക് സമയം അനുവദിച്ചിരുന്നു എന്നാണ് വെറൈസണും എടി&ടിയും അറിയിച്ചത്. വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ സി-ബാന്‍ഡ് വ്യപിപ്പിക്കുന്നത് കമ്പനികള്‍ നീട്ടിവെച്ചിരുന്നു. യുഎസിലെ നാല്‍പ്പത്തെട്ടോളം വിമാനത്താവളങ്ങളെ 5ജി സി-ബാന്‍ഡ് നേരിട്ട് ബാധിക്കുമെന്നാണ് വിവരം.

News Desk
Author

Related Articles