News

രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശ്വാസവുമായി കേന്ദ്രം; 85 ശതമാനം ആഭ്യന്തര സര്‍വീസുകളും നടത്താം

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശ്വാസവുമായി കേന്ദ്രം. വിമാനക്കമ്പനികള്‍ക്ക് ഇനി മുതല്‍ 85 ശതമാനം ആഭ്യന്തര സര്‍വീസുകളും നടത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 12 മുതല്‍ 72.5 ശതമാനം സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ മേഖലയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിക്കുന്നത് ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ 33 ശതമാനം സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.

രോഗവ്യാപന സാധ്യതയും യാത്രക്കാരുടെ കുറവും പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍, പിന്നീട് ഡിസംബറോടെ ആഭ്യന്തര സര്‍വീസുകള്‍ 80 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. പിന്നീട് 2021 ജൂണില്‍ സര്‍വീസുകള്‍ 50 ശതമാനമാക്കി കുറച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നായിരുന്നു നിയന്ത്രണം. രണ്ടാം തരംഗത്തെ തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ക്ക് ശേഷം, ജൂലൈ അഞ്ചിന് ആകെ സര്‍വീസുകള്‍ 65 ശതമാനത്തിലേക്ക് ഉയര്‍ത്തി. പിന്നീട് കൂടുതല്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഗസ്റ്റ് 12 ന് ശേഷം സര്‍വീസുകള്‍ 72.5 ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു.

Author

Related Articles