എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കും പണി നല്കി ജിയോ; 3050 കോടി രൂപ പിഴ
ന്യൂഡല്‍ഹി: ജിയോയുടെ പരാതിയില്‍ എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കുമെതിരെ നടപടിയെടുത്ത് ടെലികോം വകുപ്പ്. മൂന്നാഴ്ചക്കുള്ളില്‍ 3050 കോടിയാണ് രണ്ട് കമ്പനികളും ചേര്‍ന്ന് അടയ്ക്കേണ്ടത്. എയര്‍ടെല്‍ 1050 കോടി രൂപയും വൊഡഫോണ്‍ ഐഡിയ 2000 കോടിയും അടയ്ക്കണം. ഇന്റര്‍ കണക്ഷന് പോയിന്റ്സുമായി ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി.
ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ല്‍ തന്നെ രണ്ട് കമ്പനികള്‍ക്കുമെതിരെ പിഴശിക്ഷ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിച്ചത് 2019 ജൂണിലാണ്. എന്നാല്‍ നോട്ടീസ് നല്‍കിയിരുന്നില്ല. 2018 ഓഗസ്റ്റില്‍ വോഡഫോണും ഐഡിയയും ലയിക്കുകയും ചെയ്തു. 2016ലാണ് റിലയന്‍സ് ജിയോ ഇന്‍ഫോ കോം ടെലികോം രംഗത്തേക്ക് വന്നത്. തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്ക് മാസങ്ങളോളം സൗജന്യ കോള്‍ അടക്കം നല്‍കിയായിരുന്നു ഇവര്‍ വിപണിയില്‍ ചുവടുറപ്പിച്ചത്.
ജിയോയുടെ സൗജന്യ സേവനത്തില്‍ അന്ന് തന്നെ എയര്‍ടെലും ഐഡിയയും വൊഡഫോണും എതിര്‍പ്പുന്നയിച്ചിരുന്നുവെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റിയോ ടെലികോം വകുപ്പോ ഇതില്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല. ഇതോടെയാണ് ജിയോക്ക് നല്‍കേണ്ട ഇന്റര്കണക്ഷന് പോയിന്റുകള്‍ നല്‍കാതെ ലൈസന്‍സ് വ്യവസ്ഥ എതിരാളികളായ കമ്പനികള്‍ ലംഘിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.
സെപ്തംബര്‍ 15 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ടെലികോം സെക്ടറിലെ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൊറട്ടോറിയം അടക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന നിലയിലായ ടെലികോം കമ്പനികള്‍ക്ക് ജീവശ്വാസം നല്കുന്ന തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ പിഴശിക്ഷ നല്‍കിയതില്‍ വിപണിയിലാകെ അമ്പരപ്പുണ്ട്. നടപടി ഏകപക്ഷീയമെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. കേസില്‍ ഇരു കമ്പനികളും നിയമ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍