News

വരിക്കാരുടെ എണ്ണം ഉയര്‍ത്തി ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ ഭാരതി എയര്‍ടെല്ലിന്റെയും റിലയന്‍സ് ജിയോയുടെയും മൊത്തം വരിക്കാരുടെ എണ്ണം 116.69 കോടിയായി വര്‍ധിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രതിമാസ റിപ്പോര്‍ട്ടില്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ ഭാരതി എയര്‍ടെലിന്റെയും റിലയന്‍സ് ജിയോയുടേയും മൊബൈല്‍ ടെലിഫോണിയിലും ഫിക്സഡ്‌ലൈന്‍ സേവന വിഭാഗത്തിലും പുതിയ ഉപഭോക്താക്കള്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2022 ഫെബ്രുവരി അവസാനത്തില്‍ 1,166.05 ദശലക്ഷത്തില്‍ നിന്ന് 2022 മാര്‍ച്ച് അവസാനത്തോടെ 1,166.93 ദശലക്ഷമായി വര്‍ധിച്ചതായും ട്രായിയുടെ റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച്-ഫെബ്രുവരി കാലയളവില്‍ നഗരങ്ങളിലെ ടെലിഫോണ്‍ സബ്‌സ്‌ക്രിപ്ഷന്‍ 64.77 കോടിയില്‍ നിന്ന് 64.71 കോടിയായും, ഗ്രാമീണ സബ്‌സ്‌ക്രിപ്ഷന്‍ 51.82 കോടിയില്‍ നിന്ന് 51.98 കോടിയായും വര്‍ധിച്ചതായി ട്രായ് റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരിയില്‍ 114.15 കോടിയുണ്ടായിരുന്ന വയര്‍ലെസ് വരിക്കാരുടെ എണ്ണം മാര്‍ച്ചില്‍ 114.2 കോടിയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മാത്രമാണ് മാര്‍ച്ചില്‍ പുതിയ മൊബൈല്‍ വരിക്കാരുടെ കാര്യത്തില്‍ നേട്ടം കൈവരിച്ചത്. മാര്‍ച്ചില്‍ എയര്‍ടെല്ലിന്റെ മൊത്തം മൊബൈല്‍ ഉപഭോക്താക്കള്‍ 22.55 ലക്ഷവും, ജിയോയുടെത് മൊത്തം 12.6 ലക്ഷവുമാണ്. മാര്‍ച്ച് മാസത്തില്‍ മൊബൈല്‍ വരിക്കാരുടെ ഏറ്റവും വലിയ നഷ്ടം വോഡഫോണ്‍ ഐഡിയയ്ക്കായിരുന്നു. 28.18 ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് യഥാക്രമം 1.27 ലക്ഷം, 3,101 മൊബൈല്‍ കണക്ഷനുകള്‍ നഷ്ടപ്പെട്ടു. വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം ഫെബ്രുവരിയിലെ 2.45 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ 2.48 കോടിയായി ഉയര്‍ന്നു. 2.87 ലക്ഷം ഉപഭോക്താക്കളുമായി റിലയന്‍സ് ജിയോ വയര്‍ലൈന്‍ വിഭാഗത്തില്‍ വളര്‍ച്ചയില്‍ മുന്നേറി. ഭാരതി എയര്‍ടെല്‍ 83,700 പുതിയ ഉപഭോക്താക്കളെയും, ക്വാഡ്രന്റ് 19,683, വോഡഫോണ്‍ ഐഡിയ 14,066, ടാറ്റ ടെലിസര്‍വീസസ് 1,054 എന്നിവരെയും ചേര്‍ത്തു. റിലയന്‍സ് ജിയോ ഇന്‍ഫോകോം (40.92 കോടി), ഭാരതി എയര്‍ടെല്‍ (21.52 കോടി), വോഡഫോണ്‍ ഐഡിയ (12.24 കോടി), ബിഎസ്എന്‍എല്‍ (2.71 കോടി), ആട്രിയ കണ്‍വെര്‍ജന്‍സ് (20 ലക്ഷം) എന്നിങ്ങനെ അഞ്ച് സേവനദാതാക്കളുടെ ബ്രോഡ്ബാന്‍ഡ് വരിക്കാരാണ് മാര്‍ച്ചിലെ മൊത്തം 98.48 ശതമാനം വിപണി വിഹിതമുണ്ടാക്കിയവര്‍.

Author

Related Articles