News

ആലപ്പുഴയിലെ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി; നെല്ലിന്റെ വിലയില്‍ കുടിശ്ശിക 149 കോടി രൂപ

ആലപ്പുഴ: ആലപ്പുഴയിലെ നെല്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി. നെല്ലിന്റെ വിലയില്‍ കുടിശ്ശികയായി അവശേഷിക്കുന്നത് 149 കോടി രൂപ. പുഞ്ചകൃഷി വിളവെടുപ്പ് നടത്തിയ കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. മാര്‍ച്ച് 17 വരെ പാഡി റെസീറ്റ് ഷീറ്റ് (പിആര്‍എസ്) നല്‍കിയ കര്‍ഷകര്‍ക്കാണ് നെല്ലിന് വില കിട്ടിയിട്ടുള്ളത്. അതിന് ശേഷം വിളവെടുത്തവര്‍ ആണ് വില ലഭിക്കാതെ കഷ്ടത്തിലായത്.

പുഞ്ചകൃഷി വിളവെടുപ്പ് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ ഗതിയില്‍ നടക്കാറുള്ളത്. മാര്‍ച്ചില്‍, നേരത്തേ വിളവെടുപ്പ് നടത്തി പിആര്‍എസ് നല്‍കിയവര്‍ക്ക് വില ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വിളവെടുപ്പ് നടത്തിയവര്‍ പ്രതിസന്ധിയിലായി. 19,453 പിആര്‍എസ്സുകളില്‍ ആയി നെല്ലുവിലയില്‍ കുടിശ്ശികയായിട്ടുള്ളത് 149 കോടി രൂപയാണ്. മാര്‍ച്ച് 17 ന് മുമ്പ് നല്‍കിയത് 9,540 പിആര്‍എസ്സുകള്‍ ആയിരുന്നു. 86 കോടി രൂപ ഇതില്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു പരാതി കൂടി കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. നെല്ലിന്റെ സംഭരണ വില സംസ്ഥാന ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 27.48 രൂപയില്‍ നിന്ന് 28 രൂപയാക്കിയാണ് ഇത് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഈ പുതിയ വില ഇപ്പോഴും കര്‍ഷകര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല എന്നതാണ് അത്. ഇതിനിടെയാണ് വേനല്‍ മഴയില്‍ ഉണ്ടായ കൃഷിനാശം. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ ശക്തമായ മഴയില്‍ പുഞ്ചകൃഷിക്കാര്‍ക്ക് മാത്രം 16 കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles