News

രാജ്യത്ത് മുട്ട, മാംസം, മീന്‍ വില ഉടനെ വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്

രാജ്യത്ത് മുട്ട, മാംസം, മീന്‍ വില ഉടനെ വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്. ഉത്സവ സീസണോടെ വില കുതിച്ചുയരും. ജനുവരി വരെ വില വര്‍ധന തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡും സോയാബിന്റെ വില വര്‍ധനയുമാണ് തിരിച്ചടിക്കു കാരണം. കോവിഡിനെ തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും വിതരണശൃംഖല തളര്‍ന്നതും രാജ്യത്തെ മുട്ട, ഇറച്ചി, മീന്‍ കച്ചവടങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് 100 രൂപയില്‍ താഴെയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് നിലവില്‍ കിലോയ്ക്ക് 140 രൂപയ്ക്കു മുകളിലാണ് വില്‍പ്പന നടക്കുന്നത്. മുട്ട, ഇറച്ചി, മീന്‍ എന്നിവയ്ക്കു പകരമായി വടക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ഉപയോഗിച്ചുവരുന്ന സോയാബീന്റെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 115 ശതമാനത്തോളം വര്‍ധനയാണു രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ആദ്യം മുട്ടയൊന്നിന് നാലു രൂപയും സോയാബീന്‍ ടണ്ണിന് 36,000 രൂപയും ചോളം ടണ്ണിണ് 13,000 രൂപയുമായിരുന്നു വില. എന്നാല്‍ നിലവില്‍ മുട്ടയ്ക്ക് അഞ്ചു രൂപയും സോയാബിന്‍ ടണ്ണിന് ഒരു ലക്ഷം രൂപയും ചോളത്തിന് 21,000 രൂപയുമാണെന്നു തെലുങ്കാന കര്‍ഷകരുടെ സംഘടന വ്യക്തമാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മുട്ടയും ഇറച്ചിക്കോഴികളുമെത്തിക്കുന്നതില്‍ മുന്‍നിരയിലുള്ള തമിഴ്നാട്ടിലും കര്‍ണാടകയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കര്‍ണാടകയിലെ കര്‍ഷകരും ജൂലൈ മുതല്‍ വില വര്‍ധിപ്പിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ചെലവ് വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു പ്രധാന കാരണമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ലോക്ക്ഡൗണിനു മുമ്പ് ഇറച്ചിക്കോഴികളുടെ ഫാം വില 90 രൂപയില്‍ താഴെയായിരുന്നു. കര്‍ഷകരുടെ ചെലവ് 70 രൂപയും. എന്നാല്‍ തീറ്റയുടെ വില വര്‍ധിച്ചതോടെ ചെലവ് 110 ലേക്ക് ഉയര്‍ന്നു. കോവിഡ് കാലത്ത് ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതോടെ ഫാം വില നിലവില്‍ 125 രൂപയ്ക്ക് അടുത്താണ്. കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താന്‍ ഈ വില കുറച്ചു മാസങ്ങള്‍ കൂടി തുടരേണ്ടിവരുമെന്നാണു വിലയിരുത്തല്‍. ഉത്സവകാലമെത്തുന്നതോടെ വിലയില്‍ ഇനിയും കയറ്റമുണ്ടാകും. കോവിഡ് കാലത്ത് പ്രതിരോധശേഷിക്കും ആരോഗ്യത്തിനുമായി മാംസവും മീനും മുട്ടയും അധികം കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിദേശിക്കുന്നുണ്ട്. ഇതോടെ മിക്ക ഇടങ്ങളിലും മുട്ടയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വിലയും 5-7 രൂപ വരെ ആയിട്ടുണ്ട്.

ഉത്സവസീസണില്‍ പൊതുവേ മുട്ട, മീന്‍, മാംസം എന്നിവയുടെ വില വര്‍ധിക്കാറുണ്ട്. ഉല്‍പ്പാദനം കുറഞ്ഞിരിക്കേ ഇത്തവണ വില കുതിക്കുമെന്നാണു വിലയിരുത്തല്‍. നേരത്തേ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ വിപണികളില്‍ സാധ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

Author

Related Articles