News

ഉത്പന്നങ്ങളില്‍ ഇന്ത്യന്‍ പതാക; വെട്ടിലായി ആമസോണ്‍

വീണ്ടും ആമസോണിനെതിരെ പ്രതിഷേധവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. ആമസോണില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ ഇന്ത്യന്‍ പതാക പ്രിന്റ് ചെയ്തിരിക്കുന്നതാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. റിപ്പബ്ലിക് ഡേയുടെ ഭാഗമായുള്ള വില്‍പ്പനക്ക് പതാക ദുരുപയോഗം ചെയ്യുന്നു എന്നതാണ് ആരോപണം.

വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ ഇന്ത്യന്‍ പതാകയുടെ ചിത്രത്തിനൊപ്പം വില്‍ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. ആമസോണിലെ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി ദേശീയ പതാക ദുരുപയോഗം ചെയ്യുകയാണെന്നാണ് പരാതി. ആമസോണ്‍ ഇന്‍സള്‍ട്ട്‌സ് നാഷണല്‍ ഫ്‌ലാഗ് എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡാകുന്നത്.

ഉപയോക്താക്കളുടെ രോഷത്തിനിരയായതിനാല്‍ ദേശീയ പതാകയുടെ ചിത്രവുമായി ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വില്‍പ്പനക്കാര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ തയ്യാറാണെന്ന് ആമസോണ്‍ വ്യക്തമാക്കി. ത്രിവര്‍ണ പതാകയുടെ ചിത്രങ്ങളും മുദ്രയും ഒക്കെ ഉള്‍ക്കൊള്ളുന്ന വസ്ത്രങ്ങള്‍, കപ്പുകള്‍, കീചെയിനുകള്‍, ചോക്ലേറ്റുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ ആണ് ആമസോണ്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇവ നിരോധിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

അതേസമയം തേഡ് പാര്‍ട്ടി വില്‍പ്പനക്കാര്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആണ് ആമസോണ്‍ എന്നും വിപണിയില്‍ ഓഫര്‍ ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റ് പ്ലേസിന്റെ പൊതുവായ നിയമങ്ങള്‍ക്ക് അനുസരിച്ചാണെന്നും ആമസോണ്‍ വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ ഉചിതമായ നടപടിയെടുക്കുമെന്നും ഇങ്ങനെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വില്‍പ്പനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഉല്‍പ്പന്നങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉപയോഗിക്കുന്നത് 2002ലെ ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ നിയമത്തിന് വിരുദ്ധമാണെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. ഇത്തരം ദുരുപയോഗം ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടി. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിലകുറഞ്ഞ രീതിയാണ് ഇതെന്നും ഇന്ത്യന്‍ പൗരന്മാരുടെ ദേശസ്‌നേഹം വര്‍ദ്ധിപ്പിക്കുന്ന നടപടിയൊന്നുമല്ല ഇതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചൂണ്ടിക്കാട്ടുന്നു.

ഫ്‌ലാഗ് കോഡ് പ്രകാരം കുഷ്യന്‍, തൂവാല, നാപ്കിനുകള്‍, ഏതെങ്കിലും ബോക്‌സുകള്‍ എന്നിവയില്‍ ദേശീയ പതാക എംബ്രോയ്ഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ആമസോണ്‍ ഇത്തരമൊരു തിരിച്ചടി നേരിടുന്നത്. 2017 ല്‍ ആമസോണ്‍ ഇന്ത്യന്‍ പതാക ചിത്രീകരിച്ച ചവിട്ടികള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കനേഡിയന്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങള്‍ നീക്കം ചെയ്തത്.

News Desk
Author

Related Articles